ഷാങ്ഹായ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്; ഗാൽവൻ സംഘർഷത്തിനുശേഷം ആദ്യ സന്ദർശനം
text_fieldsചൈനീസ് പ്രസിഡന്റിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: എസ്.സി.ഒ(ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷൻ) ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക്. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒന്നുവരെയാണ് ടിയാൻജിൻ സിറ്റിയിൽ ഉച്ചകോടി നടക്കുക.
2020ലെ ഗാൽവൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് മോദി ചൈനയിലെത്തുന്നത്. എന്നാൽ കസാനിൽ 2024 ഒക്ടോബറിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2019ലാണ് ഇതിനു മുമ്പ് മോദി ചൈന സന്ദർശിച്ചത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കുമേൽ സമ്മർദം ചെലുത്തുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദർശനമെന്നതും ശ്രദ്ധേയം. ഈ സാഹചര്യത്തിൽ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ട ആവശ്യകത തിരിച്ചറിഞ്ഞാണ് ഇന്ത്യയുടെ നീക്കമെന്നും വിലയിരുത്തലുകളുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലവും പാകിസ്താന് ചൈന പിന്തുണ നൽകുന്നതും സന്ദർശനത്തോടനുബന്ധിച്ച് കണക്കിലെടുക്കാവുന്നതാണ്. ഉച്ചകോടിക്കിടെ മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയേക്കും.
പ്രാദേശിക സുരക്ഷ, ഭീകരവാദം, വ്യാപാരം തുടങ്ങിയ വിഷയങ്ങൾ എസ്.സി.ഒ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ജൂണിൽ എസ്.സി.ഒ മന്ത്രിതല യോഗങ്ങളിൽ പങ്കെടുത്തിരുന്നു.
2020ൽ കിഴക്കൻ ലഡാക്കിലെ ഗാൽവനിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് ശേഷമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായത്. 1962 ലെ യുദ്ധത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ രക്തരൂഷിത ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്ക് ജീവഹാനി സംഭവിച്ചു. ചൈനയുടെ ഭാഗത്തും ആൾനാശമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

