മോദിയും മാക്രോണും കൂടിക്കാഴ്ച നടത്തി; വ്യാപാര, നിക്ഷേപ ബന്ധം ശക്തമാക്കും
text_fieldsമാർസെയിലിലെ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ആദരാഞ്ജലി അർപ്പിക്കുന്നു
പാരിസ്: ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര, നിക്ഷേപ ബന്ധം ശക്തമാക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. ഇന്തോ-പസഫിക് മേഖലയിലും വിവിധ ആഗോള വേദികളിലും കൂടുതൽ ആഴത്തിലുള്ള ഇടപെടൽ നടത്തുമെന്നും ഇരുവരും പ്രഖ്യാപിച്ചു. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളിൽ പൊതുജന താൽപര്യങ്ങൾക്കുവേണ്ടി നിർമിതബുദ്ധി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താനും ഫ്രഞ്ച് നഗരമായ മാർസെയിലിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും തീരുമാനിച്ചു.
കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങളും ആഗോള, മേഖല വിഷയങ്ങളും പരാമർശവിധേയമായതായി തുടർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഐക്യരാഷ്ട്രസഭ രക്ഷാസമിതി അടിയന്തരമായി പരിഷ്കരിക്കേണ്ടതിെന്റ ആവശ്യവും നേതാക്കൾ ഊന്നിപ്പറഞ്ഞു. രക്ഷാസമിതി ഉൾപ്പെടെ വിവിധ ആഗോള വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കും. രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ മാക്രോൺ പിന്തുണച്ചു. കൊടുംക്രൂരതകളുടെ കാര്യത്തിൽ വീറ്റോ ഉപയോഗം നിയന്ത്രിക്കാൻ ചർച്ചകൾ ഊർജിതമാക്കാനും ഇരു നേതാക്കളും തീരുമാനിച്ചു.
നിർമിത ബുദ്ധിയെക്കുറിച്ചുള്ള ഇന്ത്യ-ഫ്രാൻസ് പ്രഖ്യാപനം, ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷം 2026 ലോഗോ എന്നിവയും കൂടിക്കാഴ്ചക്കൊടുവിൽ പുറത്തിറക്കി. ഇന്തോ-ഫ്രഞ്ച് സെന്റർ ഫോർ ദ ഡിജിറ്റൽ സയൻസസ് സ്ഥാപിക്കുന്നതിന് ഇന്ത്യയുടെ ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ഫ്രാൻസിെന്റ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ഡിജിറ്റൽ സയൻസ് ആൻഡ് ടെക്നോളജിയും തമ്മിൽ ഉദ്ദേശ്യപത്രത്തിലും ഒപ്പുവെച്ചു. ഫ്രഞ്ച് സ്റ്റാർട്ടപ് ഇൻകുബേറ്ററായ സ്റ്റേഷൻ എഫിൽ 10 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനുള്ള കരാറിലും അഡ്വാൻസ്ഡ് മോഡുലാർ റിയാക്ടറുകൾ, സ്മോൾ മോഡുലാർ റിയാക്ടറുകൾ എന്നിവയിലെ സഹകരണത്തിനുള്ള ഉദ്ദേശ്യ പ്രഖ്യാപനത്തിലും ഒപ്പുവെച്ചു.
ആണവോർജ പങ്കാളിത്തത്തിനുള്ള ഗ്ലോബൽ സെന്ററുമായി സഹകരണത്തിന് ഇന്ത്യൻ ആണവോർജ വകുപ്പും ഫ്രഞ്ച് ആൾട്ടർനേറ്റിവ് എനർജീസ് ആൻഡ് ആറ്റമിക് എനർജി കമീഷനും തമ്മിലെ ധാരണപത്രം പുതുക്കാനും തീരുമാനമായി. 2025ൽ ഉഭയകക്ഷി സഹകരണത്തിനുള്ള പ്രധാന മുൻഗണനകളായി ഡിജിറ്റൽ ആരോഗ്യം, ആന്റി മൈക്രോബയൽ പ്രതിരോധം, ആരോഗ്യ വിദഗ്ധരുടെ കൈമാറ്റം എന്നിവ ഇന്ത്യയും ഫ്രാൻസും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇരു രാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഫ്രഞ്ച് പ്രസിഡന്റിെന്റ ഔദ്യോഗിക വിമാനത്തിലാണ് കൂടിക്കാഴ്ചയുടെ ഒരുഭാഗം നടന്നത്.
മാർസെയിലിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തു
പാരിസ്: ഫ്രഞ്ച് നഗരമായ മാർസെയിലിൽ ഇന്ത്യയുടെ പുതിയ കോൺസുലേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചേർന്ന് ഉദ്ഘാടനം ചെയ്തു. മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ അവസാന ദിവസമായിരുന്നു ചടങ്ങ്.
കോൺസുലേറ്റ് ഉദ്ഘാടനത്തിന് മുമ്പ് ഇരുവരും ചരിത്രപ്രാധാന്യമുള്ള മസാർഗസ് യുദ്ധ സെമിത്തേരിയും സന്ദർശിച്ചു. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഫ്രഞ്ച് സൈന്യത്തോടൊപ്പം പോരാടി ജീവത്യാഗം ചെയ്ത ഇന്ത്യൻ സൈനികർക്ക് മോദി ആദരാഞ്ജലി അർപ്പിച്ചു. യുദ്ധ സ്മാരകത്തിൽ ത്രിവർണ റീത്തും അദ്ദേഹം സമർപ്പിച്ചു. 1914-18 കാലത്ത് കൊല്ലപ്പെട്ട 205 ഇന്ത്യൻ സൈനികരെയാണ് ഇവിടെ സംസ്കരിച്ചിരിക്കുന്നത്. സെമിത്തേരിയിലെ ഇന്ത്യൻ സ്മാരകം 1925ൽ ഫീൽഡ് മാർഷൽ സർ വില്യം ബാർഡ്വുഡ് ആണ് ഉദ്ഘാടനം ചെയ്തത്. വി.ഡി. സവർക്കർ തടവിൽ കഴിയവെ രക്ഷപ്പെടൽ ശ്രമം നടത്തിയത് ഈ നഗരത്തിലാണെന്നും മോദി അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

