പ്രിയ സുഹൃത്ത് ട്രംപിനെ കാണാൻ മോദി അമേരിക്കയിലേക്ക്
text_fieldsന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെ കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. ഫെബ്രുവരിയിലാണ് സന്ദർശനം നടക്കുക. തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മോദി ട്രംപിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അധികാരമേറ്റ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. എക്സിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രിയ സുഹൃത്ത് ഡൊണാൾഡ് ട്രംപുമായി സംസാരിച്ചതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘പ്രിയ സുഹൃത്ത് ഡോണൾഡ് ട്രംപുമായി സംസാരിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്‍റെ ചരിത്രപരമായ രണ്ടാം ഊഴത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചു. പരസ്പര പ്രയോജനകരവും വിശ്വസനീയവുമായ പങ്കാളിത്തത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും വേണ്ടി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും’ -മോദി കുറിച്ചു.
ഡൊണാൾഡ് ട്രംപ് വീണ്ടുമൊരിക്കൽ കൂടി അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതോടെ പ്രതിഫലനങ്ങളെന്തൊക്കെയാകുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ. ‘ആദ്യം അമേരിക്ക’ എന്ന ട്രംപ് അജണ്ടയിൽ, ഇന്ത്യയോടുള്ള നയവും മാറ്റുമോ എന്നതാണ് അതിൽ പ്രധാനം. രാജ്യത്തിന്റെ ആഗോള സഖ്യങ്ങളിലും മൂലധന നിക്ഷേപത്തിലും വ്യാപാരനീക്കത്തിലും പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായിരിക്കുമത്. ഇൗ സാഹചര്യത്തിൽ മോദി- ട്രംപ് കൂടിക്കാഴ്ചക്ക് പ്രസക്തിയേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

