ഷാങ്ഹായ് ഉച്ചകോടി: ഇറാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
text_fieldsബിഷ്‌കെക്: കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയുടെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി കൂടിക്കാഴ്ച നടത്തി. രണ്ട് വർഷത്തിന് ശേഷമാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി മോദി കൂടിക്കാഴ്ച നടത്തിയത്.
നിലവിൽ യു.എസ് ഇറാൻ ആക്രമണങ്ങൾ പുനരാരംഭിച്ച വേളയിലാണ് ഇറാൻ പ്രസിഡന്റ് കിൾഗിസ്ഥാനിലേക്ക് പുറപ്പെട്ടത്. ബിഷ്‌കെക്കിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഏത് ആക്രമണത്തെയും ശക്തമായും ദൃഢനിശ്ചയത്തോടും കൂടി പ്രതിരോധിക്കുമെന്നും ഇറാൻ പ്രസിഡന്റ് പെസെഷ്‌കിയൻ വ്യക്തമാക്കിയിരുന്നു. മേഖലയിലെ അസ്ഥിരത എല്ലാ രാജ്യങ്ങൾക്കും ദോഷകരമാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, സാമ്പത്തിക-സുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കൂട്ടായ്മയുടെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള ഈ പ്രദേശത്ത് സമാധാനവും സമ്പദ്‌വ്യവസ്ഥയും സംസ്കാരവും വളർത്തിയെടുക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം മാർച്ചിൽ പ്രധാനമന്ത്രി മോദിയും ഇറാൻ പ്രസിഡന്റും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു. ഇറാനിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും അന്ന് പ്രസിഡന്റ് പെസെഷ്‌കിയൻ പ്രധാനമന്ത്രിയോട് വിശദീകരിച്ചിരുന്നു. ഏത് പ്രശ്നങ്ങളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്ന ഇന്ത്യയുടെ സ്ഥിരമായ നിലപാട് പ്രധാനമന്ത്രി അന്നും ആവർത്തിച്ചിരുന്നു. ഇറാനിൽ ഉൾപ്പെടെയുള്ള മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും, തടസ്സങ്ങളില്ലാത്ത ഊർജ്ജ-ചരക്ക് നീക്കത്തിനുമാണ് ഇന്ത്യ മുൻഗണന നൽകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഷാങ്ഹായിൽ വെച്ച് നടക്കുന്ന ഉച്ചകോടിയിൽ മോദി നിരവധി നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിയാനുമായും പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി. ബിഷ്‌കെക്കിലെ ഔദ്യോഗിക സന്ദർശനത്തിനിടയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇതുവരെ ഔദ്യോഗികമായ പ്രത്യേക ഉഭയകക്ഷി ചർച്ചകൾ തീരുമാനിച്ചിട്ടില്ല.
ചൊവ്വാഴ്ച ആരംഭിക്കുന്ന 26-ാമത് എസ്.സി.ഒ ഉച്ചകോടി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നതിനും കൂട്ടായ്മയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുമുള്ള പ്രധാന വേദിയാണിത്. ഉച്ചകോടിയുടെ ഭാഗമായി മറ്റ് ലോകനേതാക്കളുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

