Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇതിന് കാരണക്കാർ നിങ്ങൾ’; കാലാവസ്ഥാ പ്രതിസന്ധിയിൽ പടിഞ്ഞാറിനെ വിമർശിച്ച് പിയൂഷ്​ ഗോയൽ

text_fields
bookmark_border
‘ഇതിന് കാരണക്കാർ നിങ്ങൾ’; കാലാവസ്ഥാ പ്രതിസന്ധിയിൽ പടിഞ്ഞാറിനെ വിമർശിച്ച് പിയൂഷ്​ ഗോയൽ
cancel

ബെർലിൻ: ആഗോള കാലാവസ്ഥാ പ്രതിസന്ധിക്ക് പ്രധാന കാരണക്കാർ പാശ്ചാത്യ രാജ്യങ്ങളാണെന്നും കാലാവസ്ഥാ വ്യതിയാനം നേരിടാൻ വികസ്വര രാജ്യങ്ങൾക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം നൽകുന്നതിൽ വികസിത രാജ്യങ്ങൾ പരാജയപ്പെട്ടെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.

2015ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ പ്രതിവർഷം 100 ബില്യൺ ഡോളർ സഹായം നൽകാമെന്ന് ഉറപ്പുനൽകിയെങ്കിലും ഇതുവരെ വാഗ്ദാനം പാലിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബെർലിൻ ഗ്ലോബൽ ഡയലോഗിൽ സംസാരിക്കുകയായിരുന്നു ഗോയൽ.

ഓസോൺ പാളിയുടെ ശോഷണത്തിനും അന്തരീക്ഷത്തിലെ കാർബൺ പുറന്തള്ളൽ വർധിക്കുന്നതിനും പ്രധാന ഉത്തരവാദികൾ പാശ്ചാത്യ രാജ്യങ്ങളാണെന്ന് ഗോയൽ പറഞ്ഞു. ലോക ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന ഇന്ത്യയുടെ ആഗോള കാർബൺ പുറന്തള്ളലിലെ പങ്ക് മൂന്ന് ശതമാനത്തിൽ താഴെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂറോപ്പിന്റെ പ്രതിശീർഷ കാർബൺ പുറന്തള്ളലും പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതവും ഇന്ത്യയുടേതിന്റെ ഏഴോ എട്ടോ ഇരട്ടിയാണെന്നാണ് ഗോയലിന്റെ വാദം. ഇന്ത്യയുടെ പ്രതിശീർഷ കാർബൺ പുറന്തള്ളൽ യൂറോപ്പിലേതിന്റെ 10 മുതൽ 15 ശതമാനം വരെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

“കാലാവസ്ഥാ പ്രതിസന്ധി സൃഷ്ടിച്ചതിന്റെ നേട്ടങ്ങൾ പതിറ്റാണ്ടുകളായി അനുഭവിച്ച വികസിത രാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും വികസ്വര രാജ്യങ്ങളെയും ഏറ്റവും കുറഞ്ഞ വികസനം കൈവരിച്ച രാജ്യങ്ങളെയും പസഫിക്, കരീബിയൻ മേഖലയിലെ ദ്വീപ് രാഷ്ട്രങ്ങളെയും സഹായിക്കണമെന്നും പാരീസ് ഉച്ചകോടിയിൽ ധാരണയായിരുന്നു. പ്രതിവർഷം 100 ബില്യൺ ഡോളറായിരുന്നു വാഗ്ദാനം” - ഗോയൽ പറഞ്ഞു.

“11 വർഷം പിന്നിട്ടിട്ടും അതിന്റെ ഒരു ചെറിയ വിഹിതം പോലും ലഭിച്ചിട്ടില്ല. വാഗ്ദാനങ്ങൾ മാത്രമാണ് ഉണ്ടായത്” - അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂണിയന്റെ കാർബൺ ബോർഡർ അഡ്ജസ്റ്റ്മെന്റ് മെക്കാനിസം (സി.ബി.എ.എം) ഉൾപ്പെടെയുള്ള നടപടികൾ ഈ വിഷയത്തിൽ ഉയരുന്ന പ്രധാന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും ഗോയൽ വിമർശിച്ചു.

അതേസമയം, ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടി (യു.എൻ.ഇ.പി) ബുധനാഴ്ച പുറത്തുവിട്ട വാർഷിക എമിഷൻസ് ഗ്യാപ് റിപ്പോർട്ട് പ്രകാരം 2025ൽ ഇന്ത്യയിലെ ഹരിതഗൃഹ വാതക പുറന്തള്ളൽ മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥാ സാഹചര്യങ്ങളും പുനരുപയോഗ ഊർജത്തിലേക്കുള്ള മാറ്റവും ഇതിന് കാരണമായെന്നാണ് വിലയിരുത്തൽ.

ലോകത്ത് ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെങ്കിലും പ്രതിശീർഷ പുറന്തള്ളൽ ആഗോള ശരാശരിയുടെ പകുതിയിൽ താഴെയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും വലിയ പുറന്തള്ളൽ രാജ്യങ്ങളായ ചൈനയിലും അമേരിക്കയിലും കഴിഞ്ഞ വർഷം ആകെ പുറന്തള്ളൽ വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Piyush Goyal Slams West Over Climate Crisis
Next Story