Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്രാൻസിൽ പള്ളികൾക്ക്...

ഫ്രാൻസിൽ പള്ളികൾക്ക് മുന്നിൽ പന്നിത്തലകൾ; ‘വിദേശ ശക്തി’യാണ് പിന്നിലെന്ന സംശയത്തിൽ ഫ്രഞ്ച് സർക്കാർ

text_fields
bookmark_border
ഫ്രാൻസിൽ പള്ളികൾക്ക് മുന്നിൽ പന്നിത്തലകൾ; ‘വിദേശ ശക്തി’യാണ് പിന്നിലെന്ന സംശയത്തിൽ ഫ്രഞ്ച് സർക്കാർ
cancel

പാരിസ്: വിശ്വാസവോട്ടെടുപ്പിൽ പ്രധാനമന്ത്രി പരാജയപ്പെട്ട് പുറത്താകുകയും രാജ്യവ്യാപക പ്രതിഷേധം ശക്തമാകുകയും ചെയ്യുന്നതിനിടെ ഫ്രാൻസിലെ മുസ്‌ലിം പള്ളികൾക്കുമുന്നിൽ പന്നിത്തലകൾ കണ്ടെത്തി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ പേരെഴുതിയ നിലയിൽ മുറിച്ചുമാറ്റപ്പെട്ട പന്നിത്തലകളാണ് കണ്ടെത്തിയത്. ഫ്രാൻസ് തലസ്ഥാനമായ പാരിസിലെ ഒമ്പത് പള്ളികൾക്ക് മുന്നിലാണ് പന്നിത്തലകൾ കൊണ്ടിട്ടത്.

സംഭവത്തെ തുടർന്ന് മുസ്‌ലിം നേതാക്കളോട് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തന്‍റെ പിന്തുണ അറിയിച്ചു. വംശീയ നടപടിയാണിതെന്നും നിയമനടപടി ആരംഭിച്ചെന്നും പാരിസ് മേയർ ആൻ ഹിഡാൽഗോ പ്രതികരിച്ചു. ഒരിക്കലും അംഗീകരിക്കാനാവാത്ത സംഭവമാണിതെന്ന് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയിലോ പറഞ്ഞു. മുസ്‌ലിംകൾക്ക് സമാധാനത്തോടെ അവരുടെ വിശ്വാസം ആചരിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്‌ലാം വിദ്വേഷം വളരുന്നതിന്‍റെ പുതിയ ഘട്ടമാണിതെന്ന് ഗ്രാൻഡ് മോസ്‌ക് ഓഫ് പാരിസ് ഇമാം ഷംസുദ്ദീൻ ഹാഫിസ് പറഞ്ഞു.

അതേസമയം, സംഭവത്തിന് പിന്നിൽ ‘വിദേശ ശക്തി’യാണ് പിന്നിലെന്ന സംശയത്തിലാണ് ഫ്രഞ്ച് സർക്കാർ. റഷ്യൻ ഇടപെടലുണ്ടെന്നാണ് ഫ്രഞ്ച് സർക്കാർ കരുതുന്നത് എന്ന് ദി ടെലഗ്രാഫ്, ന്യൂയോർക്ക് ടൈംസ് അടക്കം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നിൽ വിദേശ പൗരന്മാരാണെന്നും ഇവർ സംഭവത്തിനുപിന്നാലെ രാജ്യം വിട്ടെന്നും നഗരത്തിലെ പ്രോസിക്യൂട്ടറുടെ ഓഫീസ് ഏജൻസി ഫ്രാൻസ് പ്രസ്സിനോട് പറഞ്ഞു.

നേരത്തെയും റഷ്യ ഫ്രാൻസിൽ ഭിന്നത വിതയ്ക്കാൻ ശ്രമിക്കുന്നുവെന്ന് ഫ്രാൻസ് ആരോപിച്ചിരുന്നു. കഴിഞ്ഞ മേയിൽ, രാജ്യത്തെ സിനഗോഗുകളുടെ ചുവരിൽ പച്ച പെയിന്‍റ് പൂശി വികൃതമാക്കിയിരുന്നു. ഈ സംഭവത്തിലും വിദേശ ശക്തികൾക്ക് പങ്കുണ്ടെന്നാണ് ഫ്രാൻസ് പറഞ്ഞിരുന്നത്.

കഴിഞ്ഞ വർഷത്തേക്കാൾ ഫ്രാൻസിൽ മുസ്‌ലിം വിരുദ്ധ സംഭവങ്ങൾ 75 ശതമാനം വർധിച്ചെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ തന്നെ കണക്കുകൾ പറയുന്നത്. മുസ്‌ലിംകൾക്കെതിരായ ആക്രമണങ്ങൾ മൂന്നിരട്ടിയായും വർധിച്ചിട്ടുണ്ട്.

ശാന്തമാകാതെ ഫ്രാൻസ്

വിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റോ പരാജയപ്പെട്ടതിന് പിന്നാലെ ഫ്രാൻസിൽ ആരംഭിച്ച രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. പുതിയ പ്രധാനമന്ത്രിയായി സെബാസ്റ്റ്യൻ ലെകോർണു സ്ഥാനമേറ്റിട്ടും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും സർക്കാറിനുമെതിരായ പ്രതിഷേധത്തിന് ശമനമില്ല. പ്രതിഷേധക്കാരെ നേരിടാൻ സർക്കാർ രാജ്യത്തുടനീളം 80,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിനിടയിലും പാരീസടക്കം നഗരങ്ങളിൽ പ്രതിഷേധക്കാർ റോഡുകൾ തടയുകയും തീയിടുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.

പൊലീസ് പ്രതിഷേധക്കാർക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ചു. 200ലേറെ പേർ അറസ്റ്റിലായിട്ടുണ്ട്. വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് തെക്കുപടിഞ്ഞാറൻ ഭാഗത്തെ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. 'ബ്ലോക് എവരിതിങ്' മൂവ്മെന്‍റിന്‍റെ ഭാഗമായാണ് പ്രതിഷേധം നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceIslamophobiaEmmanuel MacronViolence against Muslims
News Summary - Pigs' heads left outside mosques in Paris region
Next Story