ഓൺലൈൻ ഗെയിമുകൾ കുട്ടികളെ സ്വാധീനിക്കും; ഫിലിപ്പീൻസ് വെടിവെപ്പിന് പിന്നാലെ 'ഗോർബോക്സ്' ഗെയിമിന് താൽക്കാലിക നിരോധനം
text_fieldsമനില: ഫിലിപ്പീൻസിലെ ടക്ലോബാനിലെ ഒരു സ്കൂളിൽ രണ്ട് കൗമാരക്കാർ നടത്തിയ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ ഗോർബോക്സ് എന്ന ഗെയിമിന് രാജ്യത്ത് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. സ്‌കൂളിലെ വെടിവെപ്പിന് പിന്നിൽ ഈ ഗെയിമിന് പങ്കുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് അധികൃതരുടെ നീക്കം.
തിങ്കളാഴ്ച മിലാനിന് തെക്ക്-കിഴക്കുള്ള ടക്ലോബാനിലെ സാൻ ജോസ് നാഷണൽ ഹൈസ്കൂളിലെ ക്ലാസ് മുറിയിലാണ് വെടിവെപ്പ് നടന്നത്. 15ഉം 14ഉം വയസ്സുള്ള രണ്ട് വിദ്യാർഥികളാണ് തോക്കുമായി എത്തിയത്. ആക്രമണത്തിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫിലിപ്പീൻസിൽ ഇത്തരം സ്കൂൾ വെടിവെപ്പുകൾ വളരെ അപൂർവ്വമാണ്.
സംഭവത്തിലെ 14 വയസ്സുള്ള പ്രതി ഗോർബോക്സ് എന്ന ഗെയിമിന്റെ സ്ഥിരം കളിക്കാരനായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഗൂഗ്ൾ പ്ലേ സ്റ്റോറിലെ വിവരങ്ങൾ പ്രകാരം, അങ്ങേയറ്റം അക്രമവും ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് എന്തിനെയും നശിപ്പിക്കാൻ കഴിയുന്ന ഒരു ഗെയിമാണിത്. അക്രമം നിറഞ്ഞ ഗെയിം പ്ലേ കാരണം 'R18' റേറ്റിങ്ങാണ് ഇതിനുള്ളത്. കുട്ടികളുടെ പെരുമാറ്റത്തെ സ്വാധീനിക്കാൻ ഈ ഗെയിമിന് സാധിച്ചിട്ടുണ്ടോ എന്ന് സൈബർ സെക്യൂരിറ്റി ഏജൻസി പരിശോധിച്ചുവരികയാണ്.
14 വയസ്സുള്ള കുട്ടി ഉപയോഗിച്ച 9mm പിസ്റ്റൾ ഒരു പൊലീസ് ഉദ്യോഗസ്ഥയായ തന്റെ അമ്മായിയുടേതാണ്. 15 വയസ്സുള്ള കുട്ടി ഉപയോഗിച്ച .38 പിസ്റ്റൾ മുത്തശ്ശന്റെ സുരക്ഷാ ഏജൻസിയിൽ രജിസ്റ്റർ ചെയ്തതുമാണ്. തങ്ങൾ സ്കൂളിൽ റാഗിങ്ങിനും കളിയാക്കലുകൾക്കും ഇരയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. 14 വയസ്സുള്ള കുട്ടി ഓൺലൈൻ ഉള്ളടക്കങ്ങളാൽ വലിയ തോതിൽ സ്വാധീനിക്കപ്പെട്ടിരുന്നുവെന്ന് ഫിലിപ്പീൻസ് നാഷണൽ പൊലീസ് വ്യക്തമാക്കി. ഇവർ നേരത്തെ തന്നെ അക്രമാസക്തമായ കാര്യങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു.
വെടിവെപ്പ് ആസൂത്രിതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്കൂളിലെ ശുചിമുറിയിൽ ഒളിച്ചിരുന്നാണ് ഇവർ ആക്രമണം നടത്തിയത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കുട്ടികളെ തീവ്രവാദ ചിന്തകളിലേക്കും അക്രമത്തിലേക്കും നയിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ സെനറ്റ് നേരത്തെ തന്നെ ഒരുങ്ങുന്നുണ്ടായിരുന്നു. കുട്ടികളെ ബ്രെയിൻ വാഷിങ്ങിന് വിധേയരാക്കുന്ന കേന്ദ്രങ്ങളായി ഇത്തരം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ മാറിയെന്ന് സെനറ്റർ റിസ ഹോണ്ടിവേറോസ് വിമർശിച്ചു.
അമേരിക്കയിലെ സ്കൂൾ വെടിവെപ്പുകൾ പോലെ ഒരു അവസ്ഥ ഫിലിപ്പീൻസിലുണ്ടാകാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സോണി അങ്കാര വ്യക്തമാക്കി. സ്കൂളുകളിൽ കൂടുതൽ സുരക്ഷാ പരിശീലനങ്ങളും ഡ്രില്ലുകളും നടത്തേണ്ടതുണ്ടെന്ന് ക്യൂസോൺ സിറ്റി മേയർ ജോയ് ബെൽമോണ്ടെയും അഭിപ്രായപ്പെട്ടു.
പതിനഞ്ചുകാരനായ സുഹൃത്തിനെക്കുറിച്ച് സഹപാഠികൾ നൽകിയ വിവരം പ്രകാരം, അവൻ എപ്പോഴും അച്ചടക്കമുള്ളവനും ആയുധങ്ങളെക്കുറിച്ച് അറിവുള്ളവനുമായിരുന്നു. എന്നാൽ ഇത്തരമൊരു ഹീനമായ പ്രവൃത്തി അവൻ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് അവർ പറഞ്ഞു. 14 വയസ്സിൽ താഴെയുള്ള കുട്ടിയായതിനാൽ, ഫിലിപ്പീൻസിലെ നിയമപ്രകാരം ഇളയ പ്രതിക്കെതിരെ ക്രിമിനൽ കേസുകൾ ചുമത്താൻ കഴിയില്ല. 15 വയസ്സുള്ള പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

