വെടിയേറ്റ ഡച്ച് റിപ്പോർട്ടർ പീറ്റർ ആർ ഡി വ്രീസ് മരിച്ചു
text_fieldsആംസ്റ്റർഡാം: ആംസ്റ്റർഡാമിൽ ജൂലൈ ആറിനു നടന്ന വെടിെവപ്പിൽ പരിക്കേറ്റ ഡച്ച് ക്രൈം ജേണലിസ്റ്റ് പീറ്റർ ആർ ഡി വ്രീസ് മരിച്ചു. 64 വയസ്സായിരുന്നു. കുറ്റകൃത്യങ്ങളുടെ ഉള്ളറകൾ തേടിയുള്ള പീറ്ററിെൻറ റിപ്പോർട്ടും കുറ്റകൃത്യങ്ങൾക്കിരയാകുന്നവരുടെ കുടുംബങ്ങളെ അദ്ദേഹം പിന്തുണക്കുന്ന രീതിയും ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. 500ലേറെ കൊലപാതകക്കേസുകളുടെ ചുരുളഴിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കുറ്റവാളികളിലേക്കെത്താൻ പല റിപ്പോർട്ടുകളും പൊലീസിന് നിർണായകമായ തെളിവുകളായിരുന്നു.
20ാം വയസ്സിൽ നെതർലൻഡ്സിലെ ഏറ്റവും പ്രചാരമുള്ള ദ ടെലഗ്രാഫ് പത്രത്തിൽ ട്രെയിനിയായി ചേർന്നാണ് പത്രപ്രവർത്തന ജീവിതം തുടങ്ങിയത്. 2005ൽ അരൂബയിൽ യു.എസ് പൗരൻ നടാലി ഹോളോവെയുടെ തിരോധാനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഈ റിപ്പോർട്ടിന് എമ്മി അവാർഡും തേടിയെത്തി. ഭാര്യയും രണ്ടുമക്കളുമുണ്ട്.