പാകിസ്താനിൽ പള്ളിക്ക് നേരെ ചാവേർ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു
text_fieldsഫോട്ടോ കടപ്പാട്: ബി.ബി.സി
പേഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ പള്ളിക്ക് മുമ്പിലുണ്ടായ ചാവേർ ആക്രമണത്തിൽ അഞ്ച് പൊലീസുകാരടക്കം 16 പേർ കൊല്ലപ്പെട്ടു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പള്ളിയിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. പേഷാവറിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഖൈബർ പഖ്തൂൻഖ്വയിലെ കോഹട്ട് ജില്ലയിൽ പൊലീസ് ആസ്ഥാനത്തിന് സമീപമുള്ള പള്ളിയിലാണ് ആക്രമണം നടന്നത്. ആക്രമികളും സുരക്ഷാസേനയും തമ്മിലുള്ള വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. ആക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥൻ അറിയിച്ചു. രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. അതേസമയം, സ്ഫോടനത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കണമെന്ന് പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തെ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ശരീഫും അപലപിച്ചിട്ടുണ്ട്.
അടുത്ത മാസങ്ങളിലായി പാകിസ്താന്റെ അതിർത്തി മേഖലകളിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. സൈന്യത്തെയും പൊലീസിനെയും ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണങ്ങൾ നടക്കുന്നത്. അഫ്ഗാനിസ്താനിൽ ലഭിക്കുന്ന സുരക്ഷിത താവളങ്ങൾ ഉപയോഗിച്ച് തീവ്രവാദികൾ തങ്ങളുടെ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നതിനായി പരിശീലനം നേടുകയും പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നുവെന്നാണ് ഇസ്‌ലാമാബാദിന്റെ ആരോപണം. എന്നാൽ അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാർ ഈ ആരോപണം നിഷേധിച്ചു. തീവ്രവാദം പാകിസ്താന്റെ ആഭ്യന്തര പ്രശ്നമാണെന്നാണ് അഫ്ഗാൻ സർക്കാരിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

