പെറുവിൽ പ്രക്ഷോഭം പടരുന്നു; മാച്ചുപിച്ചുവിന് സമീപവും സമരക്കാർ
text_fieldsപെറുവിൽ മുൻ പ്രസിഡന്റ് കാസ്റ്റിലയെ അനുകൂലിക്കുന്നവർ നടത്തിയ പ്രതിഷേധം
ലിമ: ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ പ്രസിഡന്റ് ദിനാ ബൊലുവാർട്ടിനെതിരെ നടക്കുന്ന പ്രക്ഷോഭം വിനോദസഞ്ചാരികളുടെ ഇഷ്ട നഗരമായ കുസ്കോയിലേക്കും വ്യാപിച്ചു. ഇൻകൻ സാമ്രാജ്യത്തിന്റെ കേന്ദ്രമായ മാച്ചുപിച്ചുവിലേക്ക് ലോകത്തെമ്പാടും നിന്ന് സഞ്ചാരികളെത്തുന്ന കുസ്കോ വിമാനത്താവളത്തിലേക്ക് തള്ളിക്കയറാനും പ്രക്ഷോഭകർ ശ്രമിച്ചു. 37 സമരക്കാർക്കും ആറ് പൊലീസുകാർക്കും പരിക്കേറ്റു. സമരക്കാരിൽ ഒരാൾ മരണപ്പെട്ടു. ഇതോടെ ഒരു മാസമായ പ്രക്ഷോഭത്തിൽ മരണം 48 ആയി. ഇതിൽ 37 പേരും സിവിലിയന്മാരാണ്. തിങ്കളാഴ്ച 17 പേർ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ഡിസംബറിൽ പ്രസിഡന്റായിരുന്ന കാസ്റ്റിലോയെ പുറത്താക്കി ദിനാ ബൊലുവാർട്ട് അധികാരത്തിലെത്തിയതോടെയാണ് പ്രക്ഷോഭം ആരംഭിച്ചത്. തന്നെ ഇംപീച്ച് ചെയ്യാനുള്ള നീക്കം തടയാൻ കാസ്റ്റിലോ പാർലമെന്റായ കോൺഗ്രസ് പിരിച്ചുവിടാൻ ശ്രമിച്ചെന്നാരോപിച്ച് തടവിലിടുകയും ചെയ്തു. കാസ്റ്റിലോയെ മോചിപ്പിക്കണമെന്നും ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് 41 പ്രവിശ്യകളിലും സമരം നടക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള, എളിയ ജീവിതം നയിക്കുന്ന ഇടതുപക്ഷ നേതാവായ കാസ്റ്റിലോക്ക് ഗ്രാമങ്ങളിൽ വലിയ സ്വാധീനമാണുള്ളത്. ഗ്രാമങ്ങളിൽ നിന്ന് പ്രമുഖ നഗരങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണവും വർധിച്ചുവരുകയാണ്.
പൊലീസിന്റെ ക്രൂരത സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താമെന്നും 2026ൽ നിശ്ചയിച്ച തെരഞ്ഞെടുപ്പ് 2024ൽ നടത്താമെന്നും കാസ്റ്റിലോയുടെ മുൻ സഹപ്രവർത്തക കൂടിയായ ദിനാ ബൊലുവാർട്ട് മുന്നോട്ടുവെച്ച നിർദേശം പ്രക്ഷോഭകർ അംഗീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

