കത്തിയെരിഞ്ഞ് റഫയിലെ അഭയാർഥികൾ; ഇസ്രായേൽ വ്യോമാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു
text_fieldsറഫയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ടെന്‍റുകൾക്ക് തീപ്പിടിച്ചപ്പോൾ
ഗസ്സ സിറ്റി: സുരക്ഷിത സ്ഥാനമെന്ന അവകാശവാദത്തോടെ റഫ അതിർത്തിയിൽനിന്ന് ആട്ടിയോടിച്ച ഫലസ്തീനികളെ പാർപ്പിച്ച തൽ അസ്സുൽത്താനിലെ തമ്പുകളിൽ ബോംബിട്ട് ഇസ്രായേലിന്റെ കണ്ണില്ലാ ക്രൂരത. റഫ ആക്രമണം നിർത്തണമെന്ന അന്താരാഷ്ട്ര കോടതിയുടെ നിർദേശത്തിനും അടിയന്തര വെടിനിർത്തൽ വേണമെന്ന ലോകരാജ്യങ്ങളുടെ അഭ്യർഥനക്കും പുല്ലുവില കൽപിച്ചാണ് സ്ത്രീകളും കുരുന്നുകളുമടക്കം 45ഓളം പേരെ ഞായറാഴ്ച രാത്രി ഇസ്രായേൽ സേന ചുട്ടെരിച്ചത്.
249 പേർക്ക് പരിക്കുണ്ട്. തമ്പുകളിൽ കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന ദാരുണ ദൃശ്യമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജബാലിയ, നുസൈറാത്ത്, ഗസ്സ സിറ്റി എന്നിവിടങ്ങളിലെ അഭയാർഥി ക്യാമ്പുകളിലും ബോംബാക്രമണം നടത്തിയ ഇസ്രായേൽ 160 പേരെ കൊലപ്പെടുത്തി. ഇതോടെ ഗസ്സയിലെ ആകെ മരണം 35,984 ആയി. 80,643 പേർക്ക് പരിക്കുണ്ട്.
റഫ ക്യാമ്പ് ആക്രമണത്തെ ശക്തമായി അപലപിച്ച ഫ്രാൻസും തുർക്കിയയും ഖത്തറും അടക്കമുള്ള രാജ്യങ്ങൾ ഇസ്രായേലിന്റേത് ഹീനമായ യുദ്ധക്കുറ്റമാണെന്ന് അഭിപ്രായപ്പെട്ടു. സിവിലിയന്മാരെ ലക്ഷ്യമിട്ട് ഇസ്രായേൽ നിരന്തരം ആക്രമണങ്ങൾ നടത്തുകയാണെന്ന് ഫലസ്തീൻ ഭരണകൂടം കുറ്റപ്പെടുത്തി.
റഫ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് വിശേഷിപ്പിച്ച ഫലസ്തീനിലെ യു.എൻ സഹായ ഏജൻസി, ഗസ്സ ഭൂമിയിലെ നരകമായി മാറിയെന്നും അഭിപ്രായപ്പെട്ടു. യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസപ് ബോറലും പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ളവരുടെ കൂട്ടക്കൊലയെ അപലപിച്ചു.
ഹമാസ് നേതാക്കളായ യാസീൻ റബീഅ, ഖാലിദ് നഗാർ എന്നിവരെ കൊലപ്പെടുത്താനാണ് റഫയിൽ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ ന്യായം. പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ് ഞായറാഴ്ച റഫ സന്ദർശനം നടത്തി മടങ്ങിയ ശേഷമായിരുന്നു ആക്രമണം. നീണ്ട ഇടവേളക്കുശേഷം തെൽഅവീവ് ലക്ഷ്യമാക്കി ഹമാസ് റഫയിൽനിന്ന് കഴിഞ്ഞദിവസം റോക്കറ്റാക്രമണം നടത്തിയിരുന്നു.
കറം അബൂസാലിം അതിർത്തി വഴി 126 സഹായ ട്രക്കുകൾക്ക് ഗസ്സയിലേക്ക് കടക്കാൻ അനുമതി നൽകിയതായി ഇസ്രായേൽ അവകാശപ്പെടുന്നുണ്ടെങ്കിലും രൂക്ഷ പോരാട്ടം നടക്കുന്നതിനാൽ ഭക്ഷ്യവസ്തുക്കളടക്കം വിതരണം ചെയ്യാൻ സാധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

