Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഗോള വിതരണശൃംഖല തകർന്നാലും സൈനിക താവളങ്ങൾ പ്രവർത്തിക്കും; യുദ്ധത്തെ നേരിടാൻ പുതിയ പദ്ധതിയുമായി അമേരിക്ക

text_fields
bookmark_border
ആഗോള വിതരണശൃംഖല തകർന്നാലും  സൈനിക താവളങ്ങൾ പ്രവർത്തിക്കും; യുദ്ധത്തെ നേരിടാൻ പുതിയ പദ്ധതിയുമായി അമേരിക്ക
cancel

വാഷിങ്ടൺ: വൻയുദ്ധത്തെതുടർന്ന് വൈദ്യുതി, ഇന്ധനം, ജലവിതരണം, ചരക്കുനീക്കം എന്നിവ തടസ്സപ്പെട്ടാലും സൈനികതാവളങ്ങൾ സ്വയംപര്യാപ്തമായി പ്രവർത്തിക്കാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങി അമേരിക്ക. വൈദ്യുതി ഉൽപാദനം മുതൽ ആയുധശേഖരണം വരെ ഉൾപ്പെടുത്തിയിട്ടുള്ള ‘ഫോർട്രസ്’ പ്രതിരോധ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് പെന്റഗൺ.

ഇതിന്റെ ഭാഗമായി അമേരിക്കയിലെ പ്രധാന സൈനിക താവളങ്ങൾക്ക് കുറഞ്ഞത് 90 ദിവസമെങ്കിലും പുറംലോകത്തിന്റെ സഹായമില്ലാതെ പ്രവർത്തിക്കാനാകും. അടിസ്ഥാന സൗകര്യങ്ങൾ തകരാറിലാകുകയോ ആഗോള വിതരണ ശൃംഖലകൾ തടസ്സപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിൽ അമേരിക്കൻ മണ്ണിൽ തന്നെ സൈനിക നീക്കങ്ങൾ നടത്താൻ കഴിയുന്ന വിധത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്.

അടിയന്തര സാഹചര്യങ്ങളിൽ സൈനിക പ്രവർത്തനങ്ങൾക്കായി നിലവിലുള്ള സംവിധാനങ്ങളെ ആശ്രയിക്കുന്നത് വലിയ അപകടമുണ്ടാക്കുമെന്നാണ് പെന്റഗൺ വക്താവ് സീൻ പാർനൽ പറയുന്നത്. വൈദ്യുതി ഇല്ലാതായാൽ ആശയവിനിമയം, ജലവിതരണം, ചരക്കുനീക്കം, ആയുധനിർമാണം, സൈനിക കമാൻഡ് സംവിധാനങ്ങൾ എന്നിവയെല്ലാം അനിശ്ചിതത്വത്തിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈനിക താവളങ്ങൾക്ക് പൊതുവൈദ്യുതി ശൃംഖലയിൽനിന്ന് സ്വതന്ത്രമായി വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പോർട്ടബിൾ ആണവ റിയാക്ടറുകൾ, വലിയ ബാറ്ററി സംഭരണ സംവിധാനങ്ങൾ, മൈക്രോഗ്രിഡുകൾ എന്നിവ ഇതിനായി പരിഗണിക്കുന്നുണ്ട്. പൊതുവൈദ്യുതി ശൃംഖല തകരാറിലായാലും മൈക്രോഗ്രിഡുകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാകും.

വൈദ്യുതി മാത്രമല്ല, കുടിവെള്ളം, ഇന്ധനം, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയുടെ ലഭ്യതയും കുറഞ്ഞത് 90 ദിവസത്തേക്ക് ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ പദ്ധതി പ്രഖ്യാപിച്ചതുകൊണ്ടുമാത്രം എല്ലാ സൈനിക താവളങ്ങളും നിലവിൽ ഈ ശേഷി കൈവരിച്ചുവെന്ന് അർഥമില്ല.

യുദ്ധസാഹചര്യത്തിൽ ആഗോള വിതരണ ശൃംഖലകൾ തകരാറിലായാൽ ആയുധങ്ങൾക്കും മറ്റ് സൈനിക സാമഗ്രികൾക്കും ക്ഷാമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തന്ത്രപ്രധാന ശേഖരങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്. വെടിക്കോപ്പുകൾ, ഇന്ധനം, നിർണായക ധാതുക്കൾ, ഇലക്ട്രോണിക് ഘടകങ്ങൾ, സ്പെയർ പാർട്സുകൾ, മെഡിക്കൽ സാമഗ്രികൾ എന്നിവ ഇതിൽ ഉൾപ്പെടും.

ഇതിനായി ഒരൊറ്റ വിതരണക്കാരനെ മാത്രം ആശ്രയിക്കില്ല. ഒരു ഫാക്ടറിയുടെയോ വിതരണക്കാരന്റെയോ പ്രവർത്തനം നിലച്ചാൽ ആവശ്യ സേവനങ്ങൾ മുടങ്ങാതിരിക്കാനാണ് ഈ നീക്കം.

അടിയന്തര സാഹചര്യങ്ങളിൽ സാധാരണ വാണിജ്യ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഫാക്ടറികളെ പ്രതിരോധ സാമഗ്രികളുടെ നിർമാണത്തിലേക്ക് മാറ്റുന്നതിനുള്ള സംവിധാനവും പദ്ധതിയുടെ ഭാഗമായി നടക്കും. ഇതിനായി ‘സിവിൽ റിസർവ് മാനുഫാക്ചറിങ് നെറ്റ്‌വർക്ക്’ വഴി പ്രതിസന്ധിഘട്ടങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന സ്ഥാപനങ്ങളെ കണ്ടെത്തും.

ആശയവിനിമയം, നാവിഗേഷൻ, ഉപഗ്രഹ സംവിധാനങ്ങൾ എന്നിവയുടെ സുരക്ഷ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്. ജിപിഎസ് സിഗ്നലുകൾ തടസ്സപ്പെടുകയോ സൈബർ ആക്രമണങ്ങൾ ഉണ്ടാകുകയോ ചെയ്താലും പ്രവർത്തനങ്ങൾ തുടരാൻ കഴിയുന്ന സംവിധാനങ്ങൾ പദ്ധതിയിലൂടെ വികസിപ്പിക്കും.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US Military Bases Self-Sufficiency Plan
Next Story