യു.എസിന്റെ അത്യന്താധുനിക യുദ്ധക്കപ്പൽ ‘ജെറാൾഡ് ഫോർഡ്’ കരീബിയൻ കടലിലേക്ക്; ലക്ഷ്യം വെനസ്വേല
text_fieldsകാരക്കാസ്‍: യു.എസിന്റെ ഏറ്റവും നൂതനമായ വിമാനവാഹിനിക്കപ്പൽ കരീബിയൻ കടൽ ലക്ഷ്യമിട്ട് നീങ്ങിയതായി പെന്റഗൺ. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയുടെ മയക്കുമരുന്ന് കടത്തിനെതിരായ ട്രംപ് ഭരണകൂടത്തിന്റെ യുദ്ധത്തിലെ പ്രധാന നീക്കമെന്ന നിലയിലാണ് വാദമെങ്കിലും ഇത് മേഖലയിലെ തങ്ങളുടെ ലക്ഷ്യങ്ങൾക്കെതിരെ ആക്രമണം തുടങ്ങാനുള്ള യു.എസ് നീക്കത്തിന്റെ ഭാഗമാണെന്നാണ് നിരീക്ഷകർ പറയുന്നത്.
ഡസൻ കണക്കിന് ‘സ്റ്റെൽത്ത് ഫൈറ്റർ ജെറ്റു’കളും നിരീക്ഷണ വിമാനങ്ങളും അടങ്ങിയ യു.എസ്.എസ് ജെറാൾഡ് ഫോർഡ് ആണ് കരീബിയനിലേക്ക് അയക്കുന്നത്. മറ്റ് യുദ്ധക്കപ്പലുകളും ഇതിന്റെ ഭാഗമായി ഉണ്ടാവും. മെഡിറ്ററേനിയനിലെ നിലവിലെ വിന്യാസം അവസാനിക്കുന്ന മുറക്ക് വെനിസ്വേലയുടെ തീരത്തേക്ക് ഇവ എത്തിക്കുമെന്നാണ് റിപ്പോർട്ട്.
യു.എസിലേക്ക് മയക്കുമരുന്ന് കൊണ്ടുപോകുന്നുവെന്ന് ആരോപിക്കപ്പെടുന്ന ചെറിയ ബോട്ടുകൾ ലക്ഷ്യമിട്ടല്ല യു.എസ് അതിന്റെ മാരകമായ സൈനിക പ്രചാരണത്തിന്റെ വ്യാപ്തി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. കരീബിയനിലേക്ക് ‘കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പി’നെ അയക്കുന്നത് ഇതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണ്.
വെനിസ്വേലയിലെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ആക്രമിക്കാനുള്ള യു.എസിന്റെ കഴിവും ആക്രമണ ശക്തിയും വർധിപ്പിക്കുന്ന ഡസൻ കണക്കിന് എഫ്-18 സൂപ്പർ ഹോർനെറ്റ് ജെറ്റുകളാണ് സൂപ്പർ കാരിയറിലുള്ളത്. കരയിലെ ലക്ഷ്യങ്ങൾ നശിപ്പിക്കുന്നതിനുള്ള യു.എസിന്റെ പ്രത്യേക പ്രവർത്തനങ്ങൾക്കും അതിനായുള്ള ഡ്രോണുകൾക്കും ഇത് വഴിയൊരുക്കുമെന്ന് പെന്റഗൺ ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
വിപുലീകരിച്ച നാവിക സാന്നിധ്യം പടിഞ്ഞാറൻ അർധഗോളത്തിലെ തങ്ങളുടെ സുരക്ഷയുടെയും സുരക്ഷയെ അപകടപ്പെടുത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെയും നിരീക്ഷിക്കാനും ഇല്ലാതാക്കാനുമുള്ള യു.എസ് ശേഷിയെ ശക്തിപ്പെടുത്തും എന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, യു.എസ് സൈനിക സാന്നിധ്യം വർധിപ്പിച്ചതിനെ വെനസ്വേലൻ പ്രിസഡന്റ് സികോളസ് മദൂറോ വിമർശിച്ചു. ‘ഇനി ഒരിക്കലും ഒരു യുദ്ധത്തിൽ ഏർപ്പെടില്ലെന്ന് അവർ ഉറപ്പു പറഞ്ഞതാണ്. എന്നിട്ട് അവർ ഒരു യുദ്ധം കെട്ടിച്ചമക്കുകയാണ്’ എന്ന് മദൂറോ പറഞ്ഞു.
കരീബിയനിലെ ഏതൊക്കെ രാജ്യങ്ങളിലാണ് യു.എസ് ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നതെന്ന് ട്രംപ് പുറത്തുവിട്ടിട്ടില്ല. എന്നാൽ യു.എസിലേക്കുള്ള നിയമവിരുദ്ധ മയക്കുമരുന്നുകളുടെ ഒഴുക്ക് തടയുന്നതിനെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ പദ്ധതികളെക്കുറിച്ച് കോൺഗ്രസിനെ അറിയിക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോട് അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

