പെൻഷൻ പ്രായവർധന: ഫ്രാൻസിൽ പ്രക്ഷോഭം രൂക്ഷം; 111 പേർ അറസ്റ്റിൽ
text_fieldsപാരിസ്: പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെതിരെ ഫ്രാൻസിൽ പ്രക്ഷോഭം രൂക്ഷമാകുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്ഥിരമായെത്തുന്ന റസ്റ്റാറന്റിന് ഉൾപ്പെടെ പ്രക്ഷോഭകർ തീവെച്ചു. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൻഷൻ പ്രായവർധനക്കെതിരെ സമർപ്പിച്ച ഹരജിയിൽ നിർണായക കോടതിവിധി അടുത്തയാഴ്ച വരാനിരിക്കുകയാണ്. പെൻഷൻ പ്രായം 62ൽനിന്ന് 64 ആയി ഉയർത്താൻ പാർലമെന്റിൽ വോട്ടെടുപ്പ് നടത്താതെ കൊണ്ടുവന്ന നിയമം വർഷാവസാനത്തോടെ പ്രാബല്യത്തിലാകുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചതോടെയാണ് കഴിഞ്ഞ മാസം മുതൽ രോഷം അണപൊട്ടിയത്.
ജനുവരി മുതൽ സമാധാനപരമായ പ്രതിഷേധം നടക്കുന്നുണ്ട്. ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബർ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. പ്ലക്കാർഡും യൂനിയൻ പതാകയുമേന്തി രാജ്യവ്യാപകമായി പ്രതിഷേധ റാലികൾ നടക്കുന്നു. പലയിടത്തും റോഡുകളിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ച് സഞ്ചാരം തടസ്സപ്പെടുത്തി.
ആറുമുതൽ ഏഴുലക്ഷം വരെ ആളുകൾ ഓരോ ദിവസവും സമരത്തിൽ പങ്കെടുക്കുന്നതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ. പലയിടത്തും സമരക്കാർ പൊലീസുമായി ഏറ്റുമുട്ടി. കല്ലേറിനെ തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. 154 പൊലീസുകാർക്ക് പരിക്കേറ്റതായും 111 പേരെ അറസ്റ്റ് ചെയ്തതായും എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ബാങ്കുകൾക്ക് നേരെയും ആക്രമണമുണ്ടായി.
ഏപ്രിൽ 13ന് യൂനിയനുകൾ ശക്തമായ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 14നാണ് കോടതിവിധി പ്രതീക്ഷിക്കുന്നത്. കോൺസ്റ്റിറ്റ്യൂഷനൽ കൗൺസിൽ പച്ചക്കൊടി കാട്ടിയാൽ മാക്രോൺ ഭരണകൂടം പരിഷ്‍കരണവുമായി മുന്നോട്ടുപോകും.
ജനസംഖ്യയിൽ 60 ശതമാനത്തിലേറെ പേർ പ്രായവർധനക്ക് എതിരാണെന്നാണ് റിപ്പോർട്ടുകൾ. ചൈന സന്ദർശനത്തിലുള്ള മാക്രോൺ ശനിയാഴ്ച തിരിച്ചെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

