സമാധാനം അരികെ; ഇറാൻ-യു.എസ് നേരിട്ടുള്ള ചർച്ച ഉടനുണ്ടായേക്കും
text_fieldsതെഹ്റാൻ: ഹുർമുസ് പിടിച്ചെടുക്കാനായി പ്രോജക്ട് ഫ്രീഡം എന്ന പേരിൽ യു.എസ് തുടങ്ങിവെച്ച സൈനിക നീക്കം താൽക്കാലികമായി ഉപേക്ഷിച്ചുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ, പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് വേഗമേറിയിരിക്കുന്നു. ഇറാനുമായി നേരിട്ടുള്ള ചർച്ച ഉടനുണ്ടാകുമെന്നും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. മറുവശത്താകട്ടെ, യു.എസിന്റെ പ്രസ്താവനകളോട് ഇറാൻ പോസിറ്റിവായി പ്രതികരിക്കുകയും ചെയ്തതതോടെ ഒരിക്കൽ നിലച്ചുപോയ സമാധാന നയതന്ത്ര നീക്കങ്ങൾ സജീവമാകുമെന്നുറപ്പായി; അതിന്റെ സൂചനകൾ ബുധനാഴ്ച പ്രകടമാവുകയും ചെയ്തു.
ഏപ്രിൽ എട്ടിന് വെടിനിർത്തൽ പ്രാബല്യത്തിൽവന്നുവെങ്കിലും ഹുർമുസിനെച്ചൊല്ലി ഇറാനും യു.എസും ഒരർഥത്തിൽ സംഘർഷത്തിൽതന്നെയായിരുന്നു. ലബനാനിൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഹുർമുസിൽ ഇറാൻ നിയന്ത്രണം കടുപ്പിക്കുകയായിരുന്നു ആദ്യം. തുടർന്ന്, യു.എസ് മേഖലയിൽ നാവിക ഉപരോധം ഏർപ്പെടുത്തി ആഗോള എണ്ണ കപ്പൽ ഗതാഗതം സ്തംഭിപ്പിച്ചു. ഇതിനിടയിൽ ഇറാന്റെ ഗൺ ബോട്ടുകൾ ലക്ഷ്യമാക്കിയും മറ്റും ചില ആക്രമണങ്ങൾ യു.എസ് അഴിച്ചുവിടുകയും ചെയ്തതോടെ സമാധാന നീക്കങ്ങളത്രയും തകർന്നു. ഇതിനിടയിൽ, ഹുർമുസിൽ ഇറാൻ നിയന്ത്രണം കൂടുതൽ കർക്കശമാക്കിയതോടെയാണ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ മോചിപ്പിക്കാനെന്ന പേരിൽ പ്രോജക്ട് ഫ്രീഡം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ദൗത്യം ആരംഭിച്ചു. കഴിഞ്ഞദിവസം, ഹുർമുസിൽ കൂടുതൽ സേനാ വിന്യാസവും യു.എസ് സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹുർമുസ് പിടിച്ചെടുക്കുക എന്നതായി യു.എസ് ലക്ഷ്യമെന്ന് വ്യക്തമായി. ഇതോടെ, യുദ്ധം കനക്കുമെന്ന ആശങ്കയായി. ഇതിനിടയിൽ, തുടർച്ചയായി രണ്ട് ദിവസം യു.എ.ഇയിൽ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളുമുണ്ടായതോടെ പശ്ചിമേഷ്യ ഒരിക്കൽകൂടി യുദ്ധമുഖരിതമാകുമെന്ന് ഉറപ്പായി. എന്നാൽ, ഇരുട്ടി വെളുത്തപ്പോഴേക്കും കാര്യങ്ങൾ ആകെ മാറിമറിയുകയായിരുന്നു. ഇരുപക്ഷത്തുനിന്നും വിട്ടുവീഴ്ചയുടെ സ്വരമാണ് ഇന്നലെ കേട്ടത്.
നിർണായകമായത് രണ്ട് നീക്കങ്ങൾ
കഴിഞ്ഞദിവസം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇറാൻ പ്രസിഡന്റ് പെസശ്കിയാനുമായി വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ഹുർമുസ് പൂർണമായി തുറക്കണമെന്ന നിലപാട് ചർച്ചയിൽ മാക്രോൺ ആവർത്തിച്ചതായി റിപ്പോർട്ടുണ്ട്. നേരത്തേ, ഹുർമുസ് ഉപരോധംമൂലം പ്രതിസന്ധിയിലായ 50 രാജ്യങ്ങളുടെ ഉച്ചകോടിക്ക് പാരിസിൽ വേദിയൊരുക്കിയിരുന്നു മാക്രോൺ. ഹുർമുസ് തുറന്നുകൊടുത്തുള്ള പ്രശ്നപരിഹാരമാണ് തുടക്കം മുതൽ മാക്രോണിന്റെ നിർദേശം. ബുധനാഴ്ച, ചൈനയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുടെ നയതന്ത്ര ചർച്ചകളും പുതിയ തീരുമാനത്തിലേക്ക് എത്തിച്ചുവെന്നും വിലയിരുത്തപ്പെടുന്നു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇയും ഹുർമുസ് തുറക്കണമെന്ന അഭിപ്രായമാണ് ഉയർത്തിയത്. അടുത്തയാഴ്ച, ട്രംപും ചൈനയിലെത്തുന്നുണ്ട്.
വൈറ്റ് ഹൗസ് നീക്കങ്ങൾ
യുദ്ധം അവസാനിപ്പിക്കുന്നതിനും ഇറാനിലെ ആണവ പദ്ധതിയെക്കുറിച്ച് വിശദമായ ചർച്ചകൾക്ക് തുടക്കമിടുന്നതിനുമായി ഇറാനുമായി ധാരണപത്രത്തിൽ ഒപ്പിടാൻ വൈറ്റ് ഹൗസ് തയാറെടുക്കുന്നുണ്ട്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇരുപക്ഷവും ഒരു കരാറിലേക്ക് ഇത്രയടുത്തെത്തുന്നത് ഇതാദ്യമായാണ്.
റിപ്പോർട്ടുകൾ പ്രകാരം, ധാരണ പത്രത്തിലെ വ്യവസ്ഥകൾ ഇവയാണ്: ആണവ സമ്പുഷ്ടീകരണം ഇറാൻ അവസാനിപ്പിക്കണം; പകരം, യു.എസ് ഉപരോധം അവസാനിപ്പിക്കുകയും മരവിപ്പിച്ച ഇറാനിയൻ ഫണ്ട് വിട്ടുനൽകുകയും ചെയ്യും. ഹുർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ ഇരുരാജ്യങ്ങളും നീക്കും.
വ്യവസ്ഥകൾ പാലിച്ചാൽ യുദ്ധം നിർത്തും -ട്രംപ്
വാഷിങ്ടൺ: യു.എസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കുകയാണെങ്കിൽ ‘ഓപറേഷൻ എപിക് ഫ്യൂറി’ നിർത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ‘ട്രൂത്തി’ലാണ് ട്രംപിന്റെ പ്രസ്താവന. നിലവിൽ ഇരു രാജ്യങ്ങൾ തമ്മിൽ വെടിനിർത്തലിന് ഏകദേശ ധാരണയായിട്ടുണ്ട്. അവ നടപ്പാക്കാൻ ഇറാൻ തയാറായാൽ യുദ്ധം അവസാനിപ്പിക്കാമെന്നാണ് ട്രംപിന്റെ വാഗ്ദാനം. എന്നാൽ, വ്യവസ്ഥ പാലിച്ചില്ലെങ്കിൽ ബോംബാക്രമണം ആരംഭിക്കുമെന്നും നേരത്തേയുണ്ടായിരുന്നതിനേക്കാൾ തീവ്രതയിൽ യുദ്ധം പുനരാരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘പ്രോജക്ട് ഫ്രീഡം’ സൈനിക ദൗത്യം താൽക്കാലികമായി നിർത്തിവെച്ചുവെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

