കുട്ടി കരഞ്ഞാൽ എക്സ്ട്രാ ചാർജ്; വിചിത്രമായ രീതിയുമായി സിംഗപ്പൂർ റസ്റ്ററന്‍റ്
text_fieldsകുട്ടികളെ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? സാധ്യത കുറവാണ്. സിംഗപ്പൂരിലെ ഒരു റസ്റ്ററന്‍റ് പുതിയതായി ഏർപ്പെടുത്തിയ ഒരു ചാർജ് കേട്ടാൽ ആരുമൊന്ന് മൂക്കത്ത് വിരലുവെക്കും. കസ്റ്റമറുടെ കുട്ടി കരഞ്ഞാൽ എക്സ്ട്രാ ചാർജ് ഈടാക്കുമെന്നാണ് റസ്റ്ററന്‍റ് അറിയിപ്പ് നൽകിയിരിക്കുന്നത്.
സിംഗപ്പൂരിലെ ഔട്ട്രാം റോഡിലെ എയ്ൻജീസ് ഒയിസ്റ്റർ ബാർ അൻഡ് ഗ്രിൽ എന്ന റസ്റ്ററന്‍റാണ് കുട്ടികളുടെ കരച്ചിലിന് പ്രത്യേക ചാർജ് ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. 10 ഡോളറാണ് കുട്ടി കരഞ്ഞാൽ അധികമായി നൽകേണ്ടത്.
പ്രീമിയം റസ്റ്ററന്‍റായ തങ്ങൾക്ക് കുട്ടികളെ കൊണ്ട് വലിയ 'ശല്യ'മാണ് ഉണ്ടാകുന്നതെന്നാണ് റസ്റ്ററന്‍റിന്‍റെ വാദം. കുട്ടികൾ കരയുന്നതും ഓടിക്കളിക്കുന്നതുമെല്ലാം മറ്റുള്ള ഗസ്റ്റുകളെ വല്ലാതെ ശല്യപ്പെടുത്തുന്നുണ്ട്. ഇത് വർധിച്ചപ്പോഴാണ് ചാർജ് ഈടാക്കാൻ തീരുമാനിച്ചതെന്നും ഇവർ പറയുന്നു.
ശിശു-സൗഹൃദ റെസ്റ്ററന്‍റ് അല്ല തങ്ങളുടേതെന്ന് ഇവർ ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ബേബി ചെയർ ഇവിടെ ലഭ്യമല്ല. എന്നാലും കുട്ടികളുമായി വരാം. കുട്ടി കരഞ്ഞ് മറ്റുള്ളവരെ ശല്യപ്പെടുത്തിയാൽ 10 ഡോളർ ചാർജ് ഈടാക്കും -സന്ദേശത്തിൽ പറയുന്നു.
ഇതോടെ വ്യാപക പ്രതിഷേധമുയർന്നു. ആളുകൾ ഗൂഗിളിൽ മോശം റിവ്യൂ നൽകാൻ തുടങ്ങിയതോടെ റസ്റ്ററന്‍റ് വിശദീകരണവുമായി രംഗത്തെത്തി. ഉപഭോക്താക്കൾ തന്നെ പരാതിപ്പെട്ടതോടെയാണ് ഇത്തരത്തിലൊരു ചാർജ് ഈടാക്കുന്നതെന്ന് ഇവർ പറയുന്നു. റസ്റ്ററന്‍റിലെത്തുന്ന 99 ശതമാനം പേരെയും ഇത് ബാധിക്കുന്നില്ലെന്നും ഒരു ശതമാനം ആളുകളെ മാത്രമേ പുതിയ ചാർജ് ബാധിക്കൂവെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

