പ്രവാസികൾക്ക് ഇരുട്ടടിയായി പാസ്‌പോർട്ട് ഫീസ് വർധന; ‘പൗരത്വ രേഖയല്ലെ’ന്ന പ്രഖ്യാപനത്തിൽ ആശങ്ക
text_fieldsദുബൈ: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ പാസ്‌പോർട്ട് നിരക്കിലെ വൻ വർധനവും പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്ന വിശദീകരണവും യു.എ.ഇ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു. ജൂലൈ ഒന്നുമുതലാണ് പാസ്‌പോർട്ട് നിരക്കുകൾ വർധിക്കുന്നത്. പുതുക്കിയ ഫീസ് ഘടനയനുസരിച്ച് മുതിർന്നവർക്കുള്ള 36 പേജിന്‍റെ സാധാരണ പാസ്‌പോർട്ട് ഫീസ് 1,500 രൂപയിൽ നിന്ന് 2,500 രൂപയായി ഉയരും. 60 പേജുള്ള ജംബോ പാസ്‌പോർട്ടിന് ഇനി 3,500 രൂപയും തത്കാൽ നിരക്കുകൾ 6,000 രൂപ വരെയായും വർധിക്കും. പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്താൽ അത് പുതുക്കാനുള്ള നിരക്ക് 7,500 രൂപ വരെയായും ഉയർത്തി.
ഇന്ത്യയിൽ ഫീസിൽ ഏകദേശം 66 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നതെങ്കിലും, ഗൾഫ് രാജ്യങ്ങളിൽ ഇത് അതത് കറൻസികളിൽ (ദിർഹം, ദിനാർ, റിയാൽ) ഈടാക്കുന്നതിനാൽ നിലവിലെ വിനിമയ നിരക്കും പുതിയ സർവീസ് ചാർജുകളും ചേരുമ്പോൾ പ്രവാസികൾക്ക് ഉണ്ടാകുന്ന യഥാർഥ സാമ്പത്തിക ബാധ്യത 75 ശതമാനത്തോളം വരും. വിദേശത്ത് കുടുംബമായി കഴിയുന്ന പ്രവാസികൾക്ക് ഒരേസമയം ഒന്നിലധികം പേരുടെ പാസ്‌പോർട്ടുകൾ പുതുക്കേണ്ടി വരുമ്പോൾ ഇത് വലിയ ബാധ്യതയാകും.
പ്രവാസികളിൽ നിന്ന് പാസ്‌പോർട്ട് അപേക്ഷകൾ സ്വീകരിക്കുമ്പോൾ കേന്ദ്ര സർക്കാർ ‘ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്’ എന്ന പേരിൽ തുക ഈടാക്കാറുണ്ട്. ഫീസ് ഇത്രയധികം വർധിപ്പിക്കുമ്പോൾ, പ്രവാസികൾക്ക് അടിയന്തര ഘട്ടങ്ങളിൽ താങ്ങാകേണ്ട ഈ വെൽഫെയർ ഫണ്ടിന്‍റെ വിഹിതം വർധിപ്പിക്കുമോ അതോ സാധാരണക്കാരെ പിഴിയാൻ മാത്രം തുക കൂട്ടുകയാണോ എന്ന ചോദ്യവും പ്രവാസികൾ ഉയർത്തുന്നുണ്ട്. വർധിപ്പിച്ച നിരക്കുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനകൾ കേന്ദ്ര വിദേശകാര്യ മന്ത്രിക്കും പ്രധാനമന്ത്രിക്കും നിവേദനം നൽകാൻ ഒരുങ്ങുകയാണ്.
ഇതിനുപുറമെ, പാസ്‌പോർട്ട് എന്നത് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്നും അത് ഇന്ത്യൻ പൗരത്വത്തിനുള്ള അന്തിമ തെളിവല്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്‍റെ ആവർത്തിച്ചുള്ള വിശദീകരണവും പ്രവാസികളിൽ ഭീതി പടർത്തുന്നു. 1955ലെ സിറ്റിസൺഷിപ്പ് ആക്ട് പ്രകാരമാണ് പൗരത്വം നിർണയിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കുമ്പോൾ, ആധാർ കാർഡ് എന്നത് കേവലം താമസ രേഖ മാത്രമാണെന്നും വോട്ടർ ഐ.ഡിയോ ആധാർ കാർഡോ പൗരത്വത്തിന് അന്തിമ തെളിവല്ലെന്നും മുൻപ് യുനീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റിയും സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. പൗരത്വ നിയമത്തിലെ ഭേദഗതികൾ പ്രകാരം ഇന്ത്യയിൽ ജനിച്ച എല്ലാവർക്കും ഇപ്പോൾ സ്വാഭാവിക പൗരത്വം ലഭിക്കില്ലെന്നിരിക്കെ, വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് കേവലം ബർത്ത് സർട്ടിഫിക്കറ്റ് മാത്രം പോരാ എന്നും ഇന്ത്യൻ കോൺസുലേറ്റിൽ ജനനം രജിസ്റ്റർ ചെയ്ത് പൗരത്വം ഉറപ്പാക്കണമെന്നും നിയമവിദഗ്ധർ ഓർമിപ്പിക്കുന്നു.
പാസ്‌പോർട്ട് പൗരത്വ രേഖയല്ലാതാകുന്നതോടെ നാട്ടിൽ ഭൂമിയോ വീടോ വാങ്ങുമ്പോൾ കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമപ്രകാരവും (പി.എം.എൽ.എ), ആർ.ബി.ഐ (ഫെമ) നിയമപ്രകാരവും തങ്ങൾ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാൻ പ്രവാസികൾ കൂടുതൽ രേഖകൾ ഹാജരാക്കേണ്ടി വരും. ഇത് രജിസ്ട്രേഷൻ വകുപ്പുകളിലും ബാങ്കുകളിലും വലിയ പ്രതിസന്ധി സൃഷ്ടിക്കും. മുൻകാലങ്ങളിൽ മലയാളികളുടെ എസ്.എസ്.എൽ .സി ബുക്കിലോ ജനന സർട്ടിഫിക്കറ്റിലോ വീട്ടുപേരോ പിതാവിന്‍റെ പേരിന്‍റെ ആദ്യക്ഷരമോ മാത്രമായിരിക്കും ഉണ്ടാകുക. എന്നാൽ, പാസ്‌പോർട്ടിൽ ഇത് വിപുലീകരിച്ചായിരിക്കും നൽകിയിട്ടുണ്ടാകുക. പൗരത്വം തെളിയിക്കാൻ പഴയ രേഖകൾ കൂടി ആവശ്യപ്പെടുമ്പോൾ ഈ പേരുവിവരങ്ങളിലെ വ്യത്യാസം വലിയ നിയമക്കുരുക്കാകും.
അതേസമയം, പുതിയ സാഹചര്യത്തിൽ പ്രവാസികൾ തങ്ങളുടെ ആധാർ കാർഡ്, നാട്ടിലെ റേഷൻ കാർഡ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ് എന്നിവയിലെ വിവരങ്ങൾ പാസ്‌പോർട്ടിലെ വിവരങ്ങളുമായി ഒത്തുപോകുന്നുണ്ടെന്ന് അടിയന്തരമായി ഉറപ്പുവരുത്തണമെന്ന് നിയമവിദഗ്ധർ നിർദേശിക്കുന്നുണ്ടെങ്കിലും, ഇത് പ്രായോഗികമായി ഒട്ടും എളുപ്പമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

