വിമാനം പറക്കുന്നതിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നു; ചോദ്യം ചെയ്തപ്പോൾ നൽകിയത് വിചിത്രമായ മറുപടി
text_fieldsസിയോൾ: ഏഷ്യാന എയർലൈൻ വിമാനത്തിലെ യാത്രക്കാരൻ യാത്രക്കിടെ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വാതിൽ തുറന്നു. സൗത് കൊറിയയിലെ ദയ്ഗുവിൽ വിമാനമിറങ്ങുന്നതിന് മിനുട്ടുകൾക്ക് മുമ്പാണ് യാത്രക്കാരൻ വാതിൽ തുറന്നത്. ഇത് വിമാനത്തിൽ പരിഭ്രാന്തി പരത്തി.
30 കാരനായ യാത്രികനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. എന്നാൽ തന്റെ ചെയ്തിയെ കുറിച്ച് പൊലീസിനോട് വിചിത്രമായ മുറപടിയാണ് യുവാവ് നൽകിയിരിക്കുന്നത്. വിമാനത്തിൽ നിന്ന് വേഗം ഇറങ്ങാൻ വേണ്ടിയാണ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തെന്നാണ് യുവാവിന്റെ മറുപടി. തന്റെ ജോലി ഈയടുത്ത് നഷ്ടപ്പെട്ടുവെന്നും അതിനാൽ സമ്മർദത്തിലായിരുന്നുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.
വിമാനം ഇറങ്ങുന്നതിന് തൊട്ടു മുമ്പ് 700 അടി മാത്രം ഉയരത്തിലായിരിക്കുമ്പോഴാണ് യുവാവ് വാതിൽ തുറന്നത്. ഇത് വിമാനത്തിനുള്ളിലാകെ പരിഭ്രാന്തി പരത്തി. ഒമ്പത് യാത്രക്കാർക്ക് ശ്വാസ തടസം നേരിടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടു മണിക്കൂർ നേരത്തെ നിരീക്ഷണത്തിനു ശേഷം ഇവരെ വിട്ടയച്ചു.
വാതിൽ തുറന്ന യുവാവിനെ ചോദ്യം ചെയ്യിന് ശേഷം അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. വിമാനം ലാൻഡിങ്ങിലായിരിക്കെ എമർജൻസി വാതിൽ തുറന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും യാത്രക്കിടെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് മുൻ കൊറിയൻ എയർ കാബിൻ സുരക്ഷാ ഉദ്യോഗസ്ഥർ ജിൻ സിയോങ് ഹ്യൂൻ പറഞ്ഞു.
മുമ്പ് ബംഗളൂരുവിൽ ഇൻഡിഗോ വിമാനത്തിൽ എമർജൻസി എക്സിറ്റിനെ കുറിച്ച് കാബിൻ ക്രൂ വിശദീകരിക്കുന്നതിനിടെ ബി.ജെ.പി എം.പി തേജസ്വി സൂര്യ വാതിൽ തുറന്നത് വാർത്തയായിരുന്നു. അതേ തുടർന്ന് വിമനത്തിലെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി വീണ്ടും സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് വിമാനം പറന്നുയർന്നത്.