ലണ്ടൻ: കോവിഡ് ലോക്ഡൗൺ കാലയളവിൽ കൈയിൽ മദ്യ ഗ്ലാസുമായി വിരുന്നിൽ പങ്കെടുക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ചിത്രങ്ങൾ പുറത്ത്. 2020 നവംബറിൽ സംഘടിപ്പിച്ച ഒരു വിടവാങ്ങൽ പാർട്ടിയിലേതാണ് ചിത്രങ്ങൾ എന്നാണ് കരുതുന്നത്.
കോവിഡ് രണ്ടാം തരംഗത്തിൽ ലണ്ടൻ നഗരം ലോക്ഡൗണിലായ സമയത്താണ് പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന ഡൗണിങ് സ്ട്രീറ്റിൽ പാർട്ടി നടന്നത്. ചടങ്ങിൽ പങ്കെടുത്ത ഒരാളിൽനിന്ന് പിഴയീടാക്കിയെങ്കിലും പ്രധാനമന്ത്രിയെ ശിക്ഷയിൽനിന്ന് ഒഴിവാക്കിയതായാണ് വിവരം.
നവംബർ 13ന് പാർട്ടി നടന്നിട്ടില്ലെന്നാണ് ബോറിസ് ജോൺസൻ ബ്രിട്ടീഷ് പാർലമെന്റിൽ മുമ്പ് പറഞ്ഞത്. സിവിൽ സർവിസ് ഉദ്യോഗസ്ഥ സ്യൂ ഗ്രാന്റ് ഡൗണിങ് സ്ട്രീറ്റ് പാർട്ടിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കുമെന്നും ശേഷം പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തിയേക്കുമെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്തു.
വിവാദം കനക്കുന്നതിനിടെ പാർലമെന്റിൽ അസത്യം പറഞ്ഞ പ്രധാനമന്ത്രി രാജിവെക്കണമെന്ന് വിവിധ പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.