പീഡനം തുറന്നു പറഞ്ഞ് ഫലസ്തീൻ ജയിൽ മോചിതർ
text_fieldsദാനിയ ഹനത്ഷെ
റാമല്ല: മാസങ്ങൾ നീണ്ട തടങ്കലിനു ശേഷം ഇസ്രായേൽ ജയിൽ മോചിതയായി തകർന്നടിഞ്ഞ ഗസ്സയിലേക്ക് തിരിച്ചെത്തിയ ദാനിയ ഹനത്ഷെക്ക് മുന്നിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിരവധിയാണ്. വീണ്ടും അറസ്റ്റ് ചെയ്യപ്പെടുമോ, ഇസ്രായേൽ തടവറയിൽ ഇനിയും കടുത്ത പീഡനങ്ങൾ നേരിടേണ്ടി വരുമോ? ഹനത്ഷെയെ പോലെ ഇസ്രായേൽ ജയിൽ മോചിതരായ കുട്ടികളടക്കമുള്ള ഫലസ്തീനികളുടെ അവസ്ഥയാണിത്. അവർക്ക് മുന്നിൽ അനിശ്ചതത്വം മാത്രം നിറഞ്ഞ ഭാവിയാണുള്ളത്.
വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് 90 ഓളം ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചത്. പക്ഷേ, ഏതു നിമിഷവും വീണ്ടും അറസ്റ്റ് ചെയ്യപ്പെടുമെന്ന അവസ്ഥയാണെന്ന് ഹനത്ഷെ പറയുന്നു. വീണ്ടും അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കരാർ വ്യവസ്ഥ. എങ്കിലും സ്വയംരക്ഷക്കുവേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായാവസ്ഥ. മോചിതരായവരിൽ ഭൂരിഭാഗവും കല്ലെറിഞ്ഞു എന്ന നിസ്സാരമായ കേസുകൾ ചുമത്തപ്പെട്ടവരാണ്. 2023 നവംബറിലാണ് ദാനിയയെ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. ദിവസങ്ങൾക്കു ശേഷം മോചിപ്പിച്ചെങ്കിൽ കഴിഞ്ഞ ആഗസ്റ്റിലെ ഒരു ദിവസം വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്ന സൈന്യം സ്ഫോടക വസ്തു കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്തുകുറ്റത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്യുന്നതെന്ന് സേന ഒരിക്കൽ പോലും വിശദീകരിച്ചിട്ടില്ല. ഭീകരവാദ പ്രവർത്തനത്തെ സഹായിച്ചതിനാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് ഇസ്രായേൽ നീതിന്യായ മന്ത്രാലയത്തിന്റെ രേഖകൾ പറയുന്നത്. പക്ഷേ, ഒരു പോരാളി സംഘടനയിൽപോലും അംഗമല്ലാത്ത ദാനിയക്കെതിരെ കുറ്റം ചുമത്തുകയോ വിചാരണ നടത്തുകയോ ചെയ്തിട്ടില്ല.
ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും എല്ലാ ഫലസ്തീൻ കുടുംബങ്ങളിലെയും ഒരാൾക്കെങ്കിലും ദാനിയയെ പോലെ ഒരു ദുരിതകഥ പറയാനുണ്ടാകും. 15 മാസം നീണ്ട വംശഹത്യക്കിടെ ഇസ്രായേൽ തടവിലിട്ട ഫലസ്തീനികളുടെ എണ്ണം ഇരട്ടിയായി 10,000 ന് മുകളിലെത്തിയതായി ഇസ്രായേൽ നിയമ സംഘടനയായ ഹമോക്ഡ് പറയുന്നു. തടവിലുള്ളവരിൽ ഭൂരിഭാഗം പേർക്കും അവർ ചെയ്ത കുറ്റമെന്താണെന്ന് ഒരു ധാരണയുമില്ല. കുറ്റം ചുമത്താതെ, വിചാരണ ചെയ്യാതെ വർഷങ്ങളോളം ഫലസ്തീൻകാരെ തടവിൽ വെക്കാനുള്ള ഇസ്രായേൽ രഹസ്യനയമാണിതെന്ന് ജറൂസലമിലെ തടവുകാരുടെ രക്ഷിതാക്കളുടെ സമിതി തലവനായ അംജദ് അബു അസബ് വെളിപ്പെടുത്തി.
അതേസമയം, ഇസ്രായേൽ ജയിലിലുള്ള ഫലസ്തീനികളുടെ ജീവിതം അങ്ങേയറ്റം ദുരിതമായിരിക്കുകയാണ്. ഭക്ഷണവും മരുന്നുമൊന്നും കൃത്യമായി നൽകുന്നില്ല. വൃത്തിഹീനമായ സെല്ലുകളിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. നിരന്തരം സേനയുടെ മർദനവും പീഡനവുമേൽക്കേണ്ടി വരുന്നു. കുരുമുളക് കലർത്തിയ ഗ്യാസ് സ്പ്രേ ചെയ്യും. ബന്ധുക്കളെ കാണാനോ, വസ്ത്രം മാറാനോ അനുവദിക്കാറില്ലെന്നും നിരവധി വർഷങ്ങൾ ജയിലിൽ കഴിയേണ്ടി വന്ന പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീന്റെ നേതാവായ ഖാലിദ ജറാർ പറഞ്ഞു. ഗസ്സയിലെ ഇടതുപക്ഷ നേതാവായ ജറാറിനെ നിരന്തരം അറസ്റ്റ് ചെയ്യുന്നതിനെ ഹ്യൂമൺ റൈറ്റ്സ് വാച്ച് കടുത്തഭാഷയിൽ വിമർശിച്ചിരുന്നു. ജയിൽ മോചിതയായി തിരിച്ചെത്തിയ 62കാരിയായ ജറാറിനെ സ്വീകരിക്കാൻ നിരവധി പേരാണ് ആഹ്ലാദത്തോടെ റാമല്ലയിൽ കാത്തുനിന്നത്. എങ്കിലും, വെടിനിർത്തൽ കരാർ എത്രകാലം നിലനിൽക്കുമെന്ന അനിശ്ചിതാവസ്ഥ അവരുടെയെല്ലാം മുഖത്ത് നിഴലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

