‘എന്നെയും മകനെയും ഒന്നിച്ചാണ് പിടികൂടിയത്, രണ്ടുവർഷമായി നേരിൽ കണ്ടിട്ട്.. സന്തോഷത്താൽ എനിക്കിന്ന് സംസാരിക്കാൻ കഴിയുന്നില്ല’ -ഇസ്രായേൽ തടവറയിൽനിന്ന് മകൻ സ്വതന്ത്രനാകുന്നതിന്റെ ആഹ്ലാദത്തിൽ പിതാവ്
text_fieldsഗസ്സ: അന്യായമായി ഇസ്രായേൽ ജയിലിലടച്ച മകൻ ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് മോചിതനാകുന്നതിന്റെ സന്തോഷത്തിലാണ് ഫലസ്തീൻ പിതാവായ യാസർ അബു അസൂം. ഇദ്ദേഹത്തിന്റെ 23 വയസ്സുള്ള മകൻ മുഹമ്മദാണ് ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇന്ന് മോചിതനാവുക. 2023ലാണ് ഇസ്രായേൽ ഇരുവരെയും പിടിച്ചുകൊണ്ടുപോയത്. നാളുകൾക്ക് ശേഷം അബു അസൂമിനെ മാത്രം വിട്ടയച്ചു. മകനെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിരുന്നില്ല.
‘സന്തോഷത്താൽ മതിമറന്നതിനാൽ എനിക്കിന്ന് സംസാരിക്കാൻ കഴിയുന്നില്ല.. 2023ൽ ഇതേ അഭയാർഥി ക്യാമ്പിൽനിന്നാണ് എന്നെയും മകനെയും ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോയത്. രണ്ട് വർഷമായി ഞാൻ അവനെ കണ്ടിട്ടില്ല. ഞാൻ മോചിതനായ ദിവസത്തേക്കാൾ ഏറെ സന്തോഷത്തിലാണ് ഇന്ന് ഞാൻ’ -ഖാൻ യൂനിസിൽവെച്ച് യാസർ അബു അസൂം അൽ ജസീറയോട് പറഞ്ഞു. ‘ഞങ്ങൾ വീണ്ടും ഒന്നിക്കും, ഇനിയുള്ള ദിവസങ്ങൾ സന്തോഷത്തോടെ ചെലവഴിക്കും’ -അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഏഴ് തടവുകാരെ ഇസ്രായേൽ സൈന്യത്തിന് ഹമാസ് കൈമാറി. വൈദ്യ പരിശാധനയിൽ പൂർണ ആരോഗ്യവാൻമാരാണെന്നും സുഖമായിരിക്കുന്നതായും നടക്കുന്നതായും അൽജസീറ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗസ്സയിൽ വെച്ചാണ് ഇവരെ റെഡ് ക്രോസിന് കൈമാറിയത്.
ജീവനോടെയുള്ള 20 തടവുകാരെയാണ് ഹമാസ് ഇസ്രായേലിന് ഇന്ന് കൈമാറുന്നത്. ബാക്കി 13 പേരെ വിട്ടയക്കാൻ തെക്കൻ ഗസ്സയിൽ തയാറെടുപ്പുകൾ പൂർത്തിയായി. തെക്കൻ ഗസ്സയിൽ പ്രാദേശിക സമയം രാവിലെ 10 മണിയോടെ എല്ലാ തടവുകാരുടെയും മോചനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇസ്രായേൽ അനധികൃതമായി തടവിലിട്ട 2000 ഫലസ്തീനികളെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി വിട്ടയക്കും. ഇതിൽ മിക്കവരും കുറ്റപത്രം പോലും സമർപ്പിക്കാതെ വർഷങ്ങളായി ഇസ്രായേൽ തടങ്കലിലിട്ടവരാണ്. ഇസ്രായേൽ കോടതി ജീവപര്യന്തം വിധിച്ച 250 പേരും ഇതിൽ ഉൾപ്പെടും.
തടവുകാരെ ആദ്യം റെഡ് ക്രോസിന് കൈമാറുകയാണ് ചെയ്യുക. തുടർന്ന് ഇവരെ ഗസ്സയിലെ ഇസ്രായേലി സൈനിക താവളത്തിൽ കൊണ്ടുപോയി പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. പിന്നീടാണ് ഇസ്രായേലിലേക്ക് കൊണ്ടുപോവുക. അതേസമയം, വർഷങ്ങളായി ഇസ്രായേൽ തടങ്കലിൽ കഴിയുന്ന ഫലസ്തീൻ നേതാവ് മർവാൻ ബർഗൂത്തിയെ ഇസ്രായേൽ വിട്ടയക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

