'വിളവെടുപ്പ് സീസണിലും കൃഷിയിടത്തിലേക്ക് ഇറങ്ങാൻ കഴിയുന്നില്ല, മൂന്ന് വർഷമായി ഇങ്ങനെ'; വെസ്റ്റ് ബാങ്കിലെ കൃഷിഭൂമി തടഞ്ഞതിനെതിരെ ഫലസ്തീൻ കർഷകർ ഇസ്രായേൽ ഹൈക്കോടതിയിൽ
text_fieldsജെറുസലേം: വെസ്റ്റ് ബാങ്കിൽ തങ്ങളുടെ പരമ്പരാഗത കൃഷിഭൂമിയിലേക്ക് പ്രവേശിക്കുന്നത് ഇസ്രായേൽ സൈന്യവും തീവ്ര കുടിയേറ്റക്കാരും നിയമവിരുദ്ധമായി തടയുന്നതിനെതിരെ ആറ് ഫലസ്തീൻ കർഷകർ ഇസ്രായേൽ ഹൈക്കോടതിയെ സമീപിച്ചു. പ്രദേശത്ത് ഒലിവ് വിളവെടുപ്പ് കാലം ആരംഭിച്ച സാഹചര്യത്തിൽ, കേസിൽ അടിയന്തര വാദം കേൾക്കണമെന്ന് കർഷകർക്ക് വേണ്ടി ഹർജി നൽകിയ പ്രമുഖ മനുഷ്യാവകാശ സംഘടനയായ 'അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് ഇൻ ഇസ്രായേൽ' (ACRI) ആവശ്യപ്പെട്ടു.
2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനു ശേഷം ഇസ്രായേൽ സൈന്യം ഏർപ്പെടുത്തിയ കർശനമായ നിയന്ത്രണങ്ങൾ കാരണം തുടർച്ചയായ നാലാം വിളവെടുപ്പ് സീസണിലും തങ്ങൾക്ക് കൃഷിയിടങ്ങളിലേക്ക് ഇറങ്ങാൻ കഴിയുന്നില്ലെന്നും ഇത് കനത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും കർഷകർ ഹർജിയിൽ വ്യക്തമാക്കുന്നു. വെസ്റ്റ് ബാങ്കിലെ നഹാലിൻ ഗ്രാമത്തിന് സമീപമുള്ള ഏക്കർ കണക്കിന് ഒലിവ് തോട്ടങ്ങളിലേക്കും മുന്തിരിപ്പാടങ്ങളിലേക്കും ഉള്ള പ്രവേശനമാണ് നിലവിൽ തടഞ്ഞിരിക്കുന്നത്. വെസ്റ്റ് ബാങ്കിലെ ഐ.ഡി.എഫ് കമാൻഡർ, സിവിൽ അഡ്മിനിസ്ട്രേഷൻ തലവൻ, ജൂദിയ ആൻഡ് സമരിയ ഡിസ്ട്രിക്റ്റ് പോലീസ് കമാൻഡർ എന്നിവരെ എതിർകക്ഷികളാക്കിയാണ് കർഷകർ കോടതിയെ സമീപിച്ചിരിക്കുന്നത്.
തങ്ങളുടെ ഭൂമിയിൽ പ്രവേശിക്കുന്നത് തടയാൻ നിയമപരമായ യാതൊരു ഔദ്യോഗിക ഉത്തരവുകളും ഇസ്രായേൽ ഭരണകൂടമോ സൈന്യമോ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്ന് കർഷകരും അഭിഭാഷകരും ചൂണ്ടിക്കാണിക്കുന്നു. കാർഷിക ആവശ്യങ്ങൾക്കുള്ള വഴികൾ മണ്ണും വലിയ കല്ലുകളും ഇട്ട് തടയുക, സൈനികരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ആട്ടിയോടിക്കുക, കുടിയേറ്റക്കാരുടെ അക്രമങ്ങൾക്ക് കൂട്ടുനിൽക്കുക, എറ്റ്സിയോൺ (Etzion) ചെക്ക്പോസ്റ്റിൽ മുൻകൂട്ടി അറിയിപ്പില്ലാത്ത മാനദണ്ഡങ്ങളുടെ പേരിൽ തടഞ്ഞുവെക്കുക തുടങ്ങിയ ക്രൂരമായ നടപടികളാണ് സൈന്യം തുടരുന്നതെന്ന് ഹർജിയിൽ വിവരിക്കുന്നു.
2006-ലെ ചരിത്രപരമായ 'മോറാർ'വിധി ഉദ്ധരിച്ചാണ് മനുഷ്യാവകാശ സംഘടന കോടതിയിൽ കർഷകർക്കായി വാദിക്കുന്നത്. കുടിയേറ്റക്കാരുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനെന്ന പേരിൽ ഫലസ്തീൻ കർഷകരെ സ്വന്തം ഭൂമിയിൽ പ്രവേശിക്കുന്നതിൽ നിന്ന് മാറ്റിനിർത്തുന്നത് അനീതിയാണെന്നും, കർഷകർക്ക് പൂർണ്ണ സുരക്ഷ നൽകി കൃഷി ചെയ്യാനുള്ള അന്തരീക്ഷമൊരുക്കുകയാണ് അധികൃതർ ചെയ്യേണ്ടതെന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ദീർഘകാലമായി കർഷകർക്ക് കൃഷിഭൂമിയിൽ കയറാൻ കഴിയാത്തത് വിളവെടുപ്പിനെ മാത്രമല്ല, അവരുടെ മണ്ണിലെ പരമ്പരാഗത അവകാശത്തെ തന്നെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ACRI അഭിഭാഷക രെക്കൂട്ട് ഷായർ ആരോപിച്ചു. അന്താരാഷ്ട്ര നിയമമനുസരിച്ച് ഫലസ്തീൻ നിവാസികളുടെ സ്വത്തും ജീവിതമാർഗ്ഗവും സംരക്ഷിക്കാൻ ഇസ്രായേൽ ഭരണകൂടത്തിന് നിയമപരമായ ബാധ്യതയുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു. അനധികൃതമായി നിർമ്മിച്ച തടസ്സങ്ങൾ ഉടനടി നീക്കാനും, നിയമപരമായ വിലക്കുകളില്ലാത്ത എല്ലാ സ്ഥലങ്ങളിലേക്കും കർഷകർക്ക് സുരക്ഷിതമായി പ്രവേശിക്കാനുള്ള അനുമതി നൽകാനും കോടതി അടിയന്തരമായി ഇടപെടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

