എല്ലുകൾ പോലും ഉരുകിപ്പോയി; സയണിസ്റ്റ് ഭീകരതയിൽ ചാരമായി ഗസ്സയിലെ ഭിന്നശേഷിക്കാരനായ 12 കാരൻ
text_fieldsഗസ്സസിറ്റി: സയണിസ്റ്റുകളുടെ അടങ്ങാത്ത പകയിൽ ചാരമായി മാറി ഗസ്സയിലെ 12 കാരൻ. അഹ്മദ് അബു അൽ റൗസ് എന്നായിരുന്നു അവന്റെ പേര്. എല്ലാവരെയും നോക്കി ചിരിക്കാൻ മാത്രം അറിയാവുന്ന ഈ കുരുന്നിന്റെ ജീവിതം വീൽചെയറിലായിരുന്നു.ഫലസ്തീനികളുടെ ടെന്റുകൾക്കു നേരെ ഇസ്രായേലിന്റെ ബോംബാക്രമണത്തിലാണ് അഹ്മദിന്റെ ജീവനും ചാമ്പലായത്.
ചാരമായി മാറിയ വീൽചെയറിൽ നിന്ന് അഹ്മദിനെ പുറത്തെടുക്കുമ്പോൾ അവന്റെ എല്ലുകൾ പോലും ഉരുകിപ്പോയിരുന്നു. കുഞ്ഞുപെങ്ങൾ നൂറും ഉമ്മയും അഹ്മദിനൊപ്പം വെന്തു മരിച്ചു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ അൽ മവാസി ഭാഗത്തുള്ള ടെന്റുകളാണ് ഇസ്രായേലിന്റെ ബോംബാക്രമണത്തിൽ ചാരക്കൂമ്പാരമായി മാറിയത്.
വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ 70 പേരോളം കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ആളുകൾ പട്ടിണിയുടെ വക്കിലാണ്. ഗസ്സ വിശന്നു കരയുകയാണെന്നും ലോകത്തിന്റെ ശ്രദ്ധ ആവശ്യമാണെന്നും ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ ഏജൻസി മുന്നറിയിപ്പ് നൽകി. ഇസ്രായേലിന്റെ അനുസ്യൂതമായ ആക്രമണത്തിൽ ഗസ്സാവാസികൾ മാനസികമായി തകർന്നിരിക്കുകയാണ്. സഹായ വിതരണത്തിന് ഉപരോധം നിലനിൽക്കുന്നതിനാൽ കുഞ്ഞുങ്ങളെ പോലും പട്ടിണിക്കിടേണ്ട അവസ്ഥയിലാണെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഗസ്സയിൽ 18 മാസം മുമ്പ് ഇസ്രായേൽ തുടങ്ങിയ യുദ്ധത്തിൽ ഇതുവരെയായി 51,065 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 116,505 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

