ഇസ്രായേൽ തടവറയിൽനിന്ന് മോചിതരായവരിൽ അഹദ് തമീമിയും
text_fieldsഅഹദ് തമീമി
വെസ്റ്റ്ബാങ്ക്: ഇസ്രായേൽ ജയിലിൽനിന്ന് ബുധനാഴ്ച രാത്രി മോചിപ്പിച്ച ഫലസ്തീനി തടവുകാരിൽ ആക്ടിവിസ്റ്റ് അഹദ് തമീമിയും. ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിലാണ് നവംബർ ആദ്യം 22കാരിയായ തമീമിയെ ഇസ്രായേൽ അറസ്റ്റ് ചെയ്തത്. പോസ്റ്റ് തമീമിയുടേതല്ലെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു. മോചിതയായി വെസ്റ്റ്ബാങ്കിലെത്തിയ തമീമിക്ക് വൻ വരവേൽപാണ് ലഭിച്ചത്.
ജൂത കുടിയേറ്റക്കാരെ വകവരുത്തുമെന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലുണ്ടായതെന്ന് ഇസ്രായേൽ ആരോപിക്കുന്നു. എന്നാൽ, പോസ്റ്റ് പ്രത്യക്ഷപ്പെട്ട ഇൻസ്റ്റഗ്രാം അക്കൗണ്ട് തമീമിയുടേതല്ലെന്ന് മാതാവ് പറയുന്നു. തമീമിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് നൂറുകണക്കിന് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുണ്ട്. ഇതിനൊന്നും അവളുമായി ബന്ധമില്ല -മാതാവ് പറഞ്ഞു.
ചെറുപ്പം മുതൽ ഫലസ്തീനി ചെറുത്തുനിൽപിന്റെ പ്രതീകമാണ് അഹദ് തമീമി. സഹോദരനെ പിടികൂടാൻ ശ്രമിക്കുന്ന ഇസ്രായേലി സൈനികനെ കടിച്ചു പരിക്കേൽപിക്കുന്ന തമീമിയുടെ 14 വയസ്സുള്ളപ്പോഴുള്ള ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 16 വയസ്സുള്ളപ്പോൾ വീടിനു സമീപം സൈനികനെ ചവിട്ടിപ്പരിക്കേൽപിച്ചതിന് സൈന്യം പിടികൂടി എട്ടുമാസം തടവുശിക്ഷ വിധിച്ചിരുന്നു. പിതാവ് ബാസിം തമീമിയും ഇസ്രായേലിനെതിരെ നിരവധി പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

