ഇസ്രയേൽ ഉപരോധത്തെതുടർന്ന് ഗസ്സയിൽ പോഷകാഹാരക്കുറവുമൂലം ഇതുവരെ 66 കുട്ടികളെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്
text_fieldsഗസ്സ: പലസ്തീനിൽ ഇസ്രയേൽ 2023ൽ ആക്രമണം അഴിച്ചുവിടാൻ തുടങ്ങിയ നാൾ മുതൽ 66 പലസ്തീൻ കുട്ടികൾ പോഷകാഹാരക്കുറവുമൂലം മരണപ്പെട്ടുവെന്ന് റിപ്പോർട്ട്. ഗാസയിലെ സർക്കാർ മീഡിയ ഓഫീസാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഇസ്രയേൽ ഗസ്സയുമായി ബന്ധിപ്പിക്കുന്ന അതിർത്തികൾ അടച്ചതോടെ കുട്ടികൾക്കുള്ള പോഷകാഹാരങ്ങൾ എത്തുന്നത് മുടങ്ങിയതാണ് മരണങ്ങൾക്കുള്ള കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് യുദ്ധക്കുറ്റവും മനുഷ്യത്വ രഹിതവുമാണെന്നും പ്രസ്താവനയിൽ പറയുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും ജനീവ കൺവെൻഷന്‍റെയും ലംഘനമാണിതെന്നും കുറിപ്പിൽ പറയുന്നു. ബാല്യങ്ങൾക്കുനേരെയുള്ള കുറ്റകൃത്യം എന്ന് വിശേഷിപ്പിച്ച അവർ, കുട്ടികൾ അനുഭവിക്കുന്ന പട്ടിണിക്കും രോഗങ്ങൾക്കും മരണങ്ങൾക്കും നേരെ അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന മൗനത്തെയും വിമർശിക്കുന്നുണ്ട്.
ശിശുമരണത്തിന്‍റെ പൂർണ ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് പറയുന്ന കുറിപ്പിൽ യു.കെ, യു.എസ്, ഫ്രാൻസ്, ജർമനി, എന്നിവർക്ക് വംശഹത്യയിൽ പങ്കുണ്ടെന്നും കൂട്ടിച്ചേർത്തു. സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അതിർത്തികൾ വീണ്ടും തുറന്ന് ഭക്ഷണവും മരുന്നുകളുും ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ലഭ്യമാക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.
മെയ്27 മുതൽ യു.എസും ഇസ്രയേലും സംയുക്തമായി ദുരിത ബാധിത മേഖലകളിൽ സഹായം നൽകുന്നതിനായി പ്രവർത്തനങ്ങൾ (ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ) നടത്തി വരുന്നുണ്ട്. ഇത് ഭാഗികമായി ഗസ്സയിലേക്കുള്ള ഉപരോധം ലഘൂകരിക്കാൻ സഹായിച്ചിട്ടുണ്ടെങ്കിലും ഭക്ഷ്യ ക്ഷാമം പോലുള്ള ഗുരുതര സ്ഥിതി വിശേഷത്തെക്കുറിച്ച് യു.എൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിച്ചതിനു ശേഷം മാത്രം 549 പലസ്തീൻ പൗരൻമാർ കൊല്ലപ്പെടുകയും 4000ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് ഗസ്സയിലെ ആരോഗ്യ വകുപ്പു നൽകുന്ന വിവരം.
റിപ്പോർട്ട് പ്രകാരം ഗസ്സയിലെ 36 ആശുപത്രികളിൽ 17 എണ്ണം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. വടക്കൻ ഗസ്സയിലോ തെക്ക് റഫായിലോ ഒരു ആശുപത്രിപോലും പ്രവർത്തിക്കുന്നില്ല. 2025 തുടങ്ങിയതുമുതൽ പോഷകാഹാരക്കുറവുമൂലം ഓരോ ദിവസവും ഏകദേശം 112 കുട്ടികളാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

