സാധാരണക്കാരെ പട്ടാള കോടതിയിൽ വിചാരണ ചെയ്യാം; പാകിസ്താൻ ആർമിക്ക് കൂടുതൽ അധികാരം നൽകി സുപ്രീംകോടതി
text_fieldsപാകിസ്താൻ സുപ്രീംകോടതി
ഇസ്‌ലാമബാദ്: സൈന്യത്തിന്റെ സംവിധാനങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സാധാരണക്കാരെയും പട്ടാള കോടതിയിൽ വിചാരണ ചെയ്യാനുള്ള അധികാരം പാകിസ്താൻ ആർമിക്ക് പുനഃസ്ഥാപിച്ചു നൽകി സുപ്രീംകോടതി ഉത്തരവ്. വ്യാപക പ്രതിഷേധങ്ങളെ തുടർന്ന് 2023 ഒക്ടോബറിൽ റദ്ദാക്കിയ നിയമത്തിനാണ് പാകിസ്താൻ സുപ്രീംകോടതി ബുധനാഴ്ച വീണ്ടും സാധുത നൽകിയത്. സൈനിക മേധാവി അസിം മുനീറിനെതിരെ സേനക്കുള്ളിലും പ്രതിപക്ഷ പാർട്ടികൾക്കിടയിലും അതൃപ്തി ഉയരുന്നതിനിടെയാണ് സുപ്രീംകോടതി മുൻ ഉത്തരവ് തിരുത്തിയത്.
2023ൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക് ഇൻസാഫിൽ (പി.ടി.ഐ) അംഗങ്ങളായ ലക്ഷക്കണക്കിനു പേർ സൈന്യത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിൽ ആയിരത്തോളം പേരെ യാതൊരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് പി.ടി.ഐ നൽകിയ ഹരജി പരിഗണിച്ച കോടതി അതേവർഷം ഒക്ടോബറിൽ സൈനിക നിയമത്തിലെ മൂന്ന് വകുപ്പുകൾ ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തി റദ്ദാക്കി. ഇവയാണ് ബുധനാഴ്ച വീണ്ടും പുനഃസ്ഥാപിച്ചത്.
സുപ്രീംകോടതി നടപടിയിൽ പ്രതിഷേധിച്ച് പി.ടി.ഐ രംഗത്തെത്തിയിട്ടുണ്ട്. സൈനിക മേധാവി അസിം മുനീറിന് എതിർക്കുന്നവരെ അടിച്ചമർത്താൻ ഈ വകുപ്പുകൾ ദുരുപയോഗം ചെയ്യാമെന്ന് പി.ടി.ഐ ചൂണ്ടിക്കാണിക്കുന്നു. യുദ്ധ സമാന സാഹചര്യം നിലനിൽക്കെ ഇത്തരമൊരു നീക്കം കോടതിയിൽനിന്ന് വരുന്നത് അനീതിയെ മൂടിവെക്കാനുള്ള ശ്രമമാണെന്നും അംഗീകരിക്കാനാകില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

