കടുത്ത വേനലും ജലക്ഷാമവും, പാകിസ്താനിൽ മാമ്പഴത്തിന്‍റെ വിളവ് കുറഞ്ഞു
text_fieldsമീർപൂർ ഖാസ്: കനത്ത വേനൽ ചൂടും ജലക്ഷാമവും കാരണം പാകിസ്താനിൽ മാമ്പഴ വിളവ് 40 ശതമാനം കുറഞ്ഞു. വേനൽ നേരത്തെ തുടങ്ങിയത് മൂലം മാമ്പൂക്കൾ കൊഴിഞ്ഞതാണ് വിളവ് കുറയാൻ ഇടയാക്കിയത്. സാധാരണ മെയിൽ ആണ് പാകിസ്താനിൽ വേനൽ തുടങ്ങുന്നത്. ഇത്തവണ മാർച്ച് മുതൽ തന്നെ വേനൽ ആരംഭിച്ചിരുന്നു. അതോടൊപ്പം രാജ്യം നേരിട്ട കടുത്ത ജലക്ഷാമവും മാമ്പൂക്കൾ കൊഴിഞ്ഞ് പോകാൻ കാരണമായി. വിളവിൽ 40 ശതമാനത്തിന്‍റെ കുറവുണ്ടായതായി സിന്ധ് പ്രവിശ്യയിലെ കൃഷി വകുപ്പ് മേധാവി ഗോറം ബലോച് പറഞ്ഞു.
മാമ്പഴം കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് പാകിസ്താൻ. രണ്ട് ദശലക്ഷം ടൺ മാമ്പഴമാണ് പ്രതിവർഷം സിന്ധ്, പഞ്ചാബ് എന്നിവിടങ്ങളിലെ തെക്കൻ പ്രദേശങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്. സാധാരണ 750 ഗ്രാം വരെ തൂക്കത്തിൽ ലഭിക്കുന്ന മാമ്പഴങ്ങൾക്ക് തൂക്കം കുറഞ്ഞതും കർഷകരെ വലക്കുകയാണ്.
സർക്കാറിതര സംഘടനയായ ജർമ്മൻ വാച്ച് സമാഹരിച്ച ഗ്ലോബൽ ക്ലൈമറ്റ് റിസ്ക് ഇൻഡക്‌സ് അനുസരിച്ച് കാലാവസ്ഥ ദുരന്തം നേരിടുന്ന എട്ടാമത്തെ രാജ്യമാണ് പാകിസ്താൻ. മോശം അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കാത്തതും ആണ് പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

