Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right13 ലക്ഷം ഫോളോവേഴ്സുള്ള...

13 ലക്ഷം ഫോളോവേഴ്സുള്ള ടിക്‌ടോക്കർ വെടിയേറ്റ് മരിച്ചു; പാകിസ്താനിൽ ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

text_fields
bookmark_border
Pakistani TikToker shot dead
cancel

ഇസ്‍ലാമാബാദ്: പാകിസ്താനിൽ പ്രമുഖ ടിക്‌ടോക് കണ്ടന്റ് ക്രിയേറ്റർ ഷംസോ ബീബി വെടിയേറ്റ് കൊല്ലപ്പെട്ടു. ‘ആയിഷ ഗിലമാന’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്ന 28കാരിയായ ഷംസോ ബീബിക്ക് ടിക്‌ടോക്കിൽ 13 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ടായിരുന്നു. ആഗസ്റ്റ് 14ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിലാണ് റാവൽപിണ്ടി ജില്ലയിലെ തക്സിലയിൽ ആക്രമണം നടന്നത്.

കാറിൽ സഹോദരങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് രണ്ട് അജ്ഞാതർ മോട്ടോർ സൈക്കിളിലെത്തി വെടിയുതിർത്തത്. കഴുത്തിൽ വെടിയേറ്റ ഷംസോ ബീബി സംഭവ സ്ഥലത്തുതന്നെ മരിച്ചു. വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ മറ്റൊരു വാഹനത്തിൽ ഇടിക്കുകയും 15കാരിയായ സഹോദരി അസീമക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

കാഷിഫ് എന്നറിയപ്പെടുന്ന ‘കാഷി’ എന്നയാളുടെ ഫോൺകോൾ ലഭിച്ചതിന് പിന്നാലെയാണ് ഷംസോ ബീബി വീട്ടിൽനിന്ന് പുറത്തേക്ക് പോയത്. 15കാരിയായ സഹോദരിയും സഹോദരൻ നഈമത്തുള്ളയും ഒപ്പമുണ്ടായിരുന്നു. യാത്രക്കിടെ 30-35 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് പേർ മോട്ടോർസൈക്കിളിൽ പിന്തുടർന്നെത്തി കാറിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് സഹോദരൻ പറഞ്ഞതായി പിതാവ് ഫസൽ സാഹിബ്‌സാദ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

കൊലപാതകത്തിന്റെ യഥാർഥ കാരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു. കൗസർ, ജാവേദ് എന്നറിയപ്പെടുന്ന ഷഹീൻ എന്നിവരുമായി ഷംസോ ബീബിക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നും പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഇവരിൽനിന്ന് ഭീഷണികൾ ലഭിച്ചിരുന്നുവെന്നും പിതാവ് പരാതിയിൽ ആരോപിച്ചു. ഇവർ കൊലപാതകം ആസൂത്രണം ചെയ്തിരിക്കാമെന്നും കാഷിഫാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും കുടുംബം പറയുന്നു.

ഷംസോ ബീബിയുടെ മരണത്തിന് പിന്നാലെ കുടുംബം അവരുടെ ടിക്‌ടോക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തു. അക്കൗണ്ടിന് 10 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നതായി സഹോദരൻ റഹ്മത്തുള്ള പറഞ്ഞു. യൂട്യൂബിലും ഷംസോ ബീവിക്ക് ഫോളോവേഴ്സുണ്ടായിരുന്നു. കൊലപാതകം അന്വേഷിക്കുന്ന റാവൽപിണ്ടി പൊലീസിന്റെ പ്രത്യേക സംഘം പ്രധാന പ്രതിയുടെ സഹായികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷംസോ ബീബിയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ആക്രമണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

അതേസമയം, പാകിസ്താനിൽ ഒരു വർഷത്തിനിടെ അഞ്ച് വനിതാ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ കൊല്ലപ്പെട്ടതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. 2025 ജൂലൈയിൽ 16കാരിയായ ടിക്‌ടോകർ മെഹക് ഷെഹ്സാദി റാവൽപിണ്ടിയിൽ കൊല്ലപ്പെട്ടു. 2026 മാർച്ചിൽ ടിക്‌ടോക് ക്രിയേറ്റർ സന ജാവേദും ഇസ്‍ലാമാബാദിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 2026 മേയിൽ 17 വയസ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സന യൂസഫിനെ കൊലപ്പെടുത്തിയ കേസിൽ 23 വയസ്സുള്ള ഒരാളെ പാകിസ്താൻ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. കൂടാതെ കഴിഞ്ഞ വർഷം ജൂലൈയിൽ ടിക് ടോക് കണ്ടന്റ് ക്രിയേറ്ററായ സുമീര രജ്പുതിനെ സിന്ധ് പ്രവിശ്യയിലെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KillingPakistanTiktokerCrimeTikTok Influencer
News Summary - Pakistani TikToker With 1.3M Followers Shot Dead
Next Story