പാകിസ്താനിൽ ടിക്ക്‌ടോക്ക് താരം ആയിഷ ഗീലാനി വെടിയേറ്റു മരിച്ചു; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
text_fieldsപാകിസ്താനിലെ പ്രശസ്തയായ ടിക്ക്‌ടോക്ക് താരം ആയിഷ ഗീലാനി (28) അജ്ഞാതരുടെ വെടിയേറ്റു ദാരുണമായി കൊല്ലപ്പെട്ടു. ഷംസു ബീവി എന്നും ആയിഷ ഗീലമാന എന്നും അറിയപ്പെടുന്ന ഇവർക്ക് സമൂഹമാധ്യമങ്ങളിൽ 13 ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. പാകിസ്താൻ തലസ്ഥാനത്തിനടുത്തുള്ള ടാക്സില നഗരത്തിൽ കഴിഞ്ഞ ആഗസ്റ്റ് 14-നാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടക്കുന്നത്.
പെൺകുട്ടിയുടെ പിതാവ് ഫസൽ സാഹിബ്‌സാദ പൊലീസിൽ നൽകിയ പരാതി പ്രകാരം കാഷിഫ് എന്ന ആളുടെ ഫോൺ കോൾ വന്നതിനെ തുടർന്നാണ് ആയേഷ വീടിന് പുറത്തേക്ക് ഇറങ്ങിയത്. തുടർന്ന് തന്റെ 15 കാരിയായ സഹോദരി അസീമ, സഹോദരൻ നൈമത്തുള്ള എന്നിവർക്കൊപ്പം അവൾ കാറിൽ യാത്ര തിരിച്ചു. എന്നാൽ യാത്രയ്ക്കിടെ പെട്രോൾ പമ്പിന് സമീപം വച്ച് മോട്ടോർസൈക്കിളിലെത്തിയ രണ്ട് അജ്ഞാതർ അവരുടെ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഈ ആക്രമണത്തിൽ കഴുത്തിൽ വെടിയേറ്റ ആയേഷ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. വെടിവയ്പ്പിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയുണ്ടായി. ഈ അപകടത്തിൽ ആയേഷയുടെ ഇളയ സഹോദരി അസീമക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവസ്ഥലത്തുനിന്നും അക്രമികൾ മോട്ടോർസൈക്കിളിൽ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്. അതേസമയം ചില വ്യക്തികളുമായി ആയിഷക്ക് സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും കൗസർ, ജാവേദ് എന്നീ വ്യക്തികളിൽ നിന്ന് മുമ്പ് വധഭീഷണി നേരിട്ടിരുന്നതായും പിതാവ് വെളിപ്പെടുത്തി. ഈ സംഭവവുമായി ബന്ധപ്പെട്ട് കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

