'സഹോദരനും സഹോദരിയും തമ്മിലെ ലൈംഗികബന്ധത്തെ കുറിച്ച് അഭിപ്രായം എഴുതുക'; വിവാദമായി പാക് സർവകലാശാല പരീക്ഷ ചോദ്യം
text_fieldsഇസ്ലാമാബാദ്: സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗികബന്ധത്തെ കുറിച്ച് അഭിപ്രായം വ്യക്തമാക്കി ഉപന്യാസം എഴുതാനുള്ള പാക് സർവകലാശാലയിലെ പരീക്ഷ ചോദ്യത്തിനെതിരെ വ്യാപക പ്രതിഷേധം. സംഭവം വിവാദമായതോടെ ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകനെ പുറത്താക്കി. ഇസ്ലാമാബാദിലെ കോംസാറ്റ്സ് സർവകലാശാലയുടെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദ കോഴ്സിന്‍റെ ഇംഗ്ലീഷ് പരീക്ഷയിലാണ് വിവാദ ചോദ്യം ഉൾപ്പെട്ടത്.
സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് 300 വാക്കിൽ കുറയാതെ ഉപന്യാസം എഴുതാനായിരുന്നു ചോദ്യം. ഇക്കഴിഞ്ഞ ഡിസംബറിൽ നടന്ന പരീക്ഷയിലാണ് ചോദ്യം ഉൾപ്പെട്ടത്. പരീക്ഷയിലെ ആദ്യ ചോദ്യമായിരുന്നു ഇത്.
ചോദ്യം ഇങ്ങനെ: 'ജൂലിയും മാർക്കും സഹോദരീസഹോദരന്മാരാണ്. കോളജിൽ നിന്ന് അവധി ആഘോഷിക്കാനായി അവർ ഫ്രാൻസിലേക്ക് പോകുന്നു. ബീച്ചിന് സമീപമുള്ള മുറിയിലാണ് ഒരു ദിവസം അവർ കഴിയുന്നത്. അവിടെ വെച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടാൽ രസകരമായിരിക്കുമെന്ന് അവർ തീരുമാനിക്കുന്നു. ആ രാത്രിയിലെ അനുഭവം അവർ തികച്ചും രഹസ്യമായി സൂക്ഷിക്കുകയും പരസ്പരം കൂടുതൽ അടുത്തതായി തോന്നുകയും ചെയ്യുന്നു. ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? അവരുടെ പ്രവൃത്തി ശരിയാണോ? നിങ്ങളുടെ ഉത്തരത്തിനുള്ള കാരണങ്ങളും പ്രസക്തമായ ഉദാഹരണങ്ങളും സ്വന്തം അഭിപ്രായവും 300 വാക്കിൽ കുറയാതെ വ്യക്തമാക്കുക'.
ചോദ്യം വിവാദമായതോടെ സർവകലാശാലയോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പാക് ശാസ്ത്ര-സാങ്കേതിക മന്ത്രാലയം നിർദേശിച്ചിരുന്നു. തുടർന്നാണ് അധ്യാപകനെ പുറത്താക്കിയത്. ഭാവിയിൽ അധ്യാപന ജോലികളിൽ പ്രവേശിക്കാതിരിക്കാൻ സർവകലാശാല ഇയാളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. പാകിസ്താന്റെ നിയമത്തിനും നയങ്ങൾക്കും വിരുദ്ധമായ പ്രവൃത്തിയാണുണ്ടായതെന്നും കുട്ടികളുടെ രക്ഷിതാക്കളിൽ ചോദ്യം അസ്വസ്ഥതയുണ്ടാക്കിയെന്നും ശാസ്ത്ര-സാങ്കേതിക മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വിവാദ ചോദ്യത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. പാക് പാർലമെന്‍റിലും വിഷയം ഉന്നയിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

