Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഐ.എം.എഫ് വായ്പക്കായി...

ഐ.എം.എഫ് വായ്പക്കായി ദേശീയ വിമാനക്കമ്പനി വിൽക്കാനൊരുങ്ങി പാകിസ്താൻ; വാങ്ങാന്‍ അസിം മുനീറിന്‍റെ കമ്പനിയും

text_fields
bookmark_border
ഐ.എം.എഫ് വായ്പക്കായി ദേശീയ വിമാനക്കമ്പനി വിൽക്കാനൊരുങ്ങി പാകിസ്താൻ; വാങ്ങാന്‍ അസിം മുനീറിന്‍റെ കമ്പനിയും
cancel
camera_altപി.ഐ.എ വിമാനം, അസിം മുനീർ

ഇസ്ലാമബാദ്: കടക്കെണിയിലായ ദേശീയ വിമാനക്കമ്പനിയായ പാകിസ്താന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ) വില്‍ക്കാന്‍ വീണ്ടും ശ്രമം തുടങ്ങി പാകിസ്താന്‍. ഡിംബര്‍ 23ന് ലേലം നടക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.എം.എഫിന്‍റെ 7 ബില്യണ്‍ ഡോളര്‍ വായ്പ പദ്ധതിയുടെ ഭാഗമായാണ് എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം. ഐ.എം.എഫിന്റെ ഏഴ് ബില്യൺ ഡോളർ ബെയിൽഔട്ട് പാക്കേജിന്റെ പ്രധാന വ്യവസ്ഥ പാലിക്കുന്നതിനുള്ള അവസാന ഘട്ടമെന്നാണ് സർക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്.

നഷ്ടത്തിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പരിഷ്കരിക്കുകയോ വിൽക്കുകയോ ചെയ്യണമെന്നാണ് ഐ.എം.എഫ് വായ്പ പദ്ധതി പറയുന്നത്. കഴിഞ്ഞ വര്‍ഷം പി.ഐ.എയുടെ ഓഹരികൾ വിൽക്കാന്‍ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ചത്ര വില ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ ഇത് റദ്ദാക്കിയിരുന്നു. പുതിയ ലേലത്തിന് മുന്നോടിയായി പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് വിവിധ കമ്പനി പ്രതിനിധികളെ കണ്ടെന്നും റിപ്പോർട്ടുണ്ട്. എക്സ്റ്റെൻഡഡ് ഫണ്ട് ഫെസിലിറ്റി (ഇ‌.എഫ്‌.എഫ്) പ്രകാരം അടുത്ത 1.2 ബില്യൺ ഡോളർ അനുവദിക്കുന്നതിനായി ഐ‌.എം‌.എഫിന്റെ എക്സിക്യുട്ടീവ് ബോർഡ് ഈമാസം എട്ടിന് യോഗം ചേരും. ഭാവിയിൽ സഹായം ലഭിക്കാനായി വർഷാവസാനത്തോടെ പി.‌ഐ‌.എ ലേലം പൂർത്തിയാക്കേണ്ടത് ആവശ്യമാണ്.

സ്വകാര്യവല്‍ക്കരണത്തോടെ പാകിസ്താൻ എയര്‍ലൈന്‍സിന്‍റെ നഷ്ടപ്പെട്ട അന്തസ് പുനഃസ്ഥാപിക്കാനാകുമെന്നും ആധുനിക വ്യോമയാന സംവിധാനങ്ങളൊരുക്കാന്‍ സഹായകമാകുമെന്നും ശഹബാസ് ശരീഫ് പറഞ്ഞു. അതേസമയം, ലേലത്തിന് മുന്‍കൂര്‍ യോഗ്യത നേടിയ നാലു കമ്പനികളിലൊന്ന് സൈനിക നിയന്ത്രണത്തിലുള്ള ഫൗജി ഫൗണ്ടേഷന്‍റെ ഭാഗമായ ഫൗജി ഫെർട്ടിലൈസർ കമ്പനി ലിമിറ്റഡാണ്. ഇതുകൂടാകെ ലക്കി സിമന്‍റ് കണ്‍സോര്‍ഷ്യം, ആരിഫ് ഹബീബ് കോര്‍പറേഷന്‍ കണ്‍സോര്‍ഷ്യം, എയര്‍ ബ്ലൂ ലിമിറ്റഡ് എന്നിവരാണ് വിമാന കമ്പനി വാങ്ങാനുള്ള ലേലത്തില്‍ പങ്കെടുക്കുക.

പാക് സൈന്യം നിയന്ത്രിക്കുന്ന പാകിസ്താനിലെ ഏറ്റവും വലിയ കോര്‍പറേറ്റ് ശൃംഖലയായ ഫൗജി ഫൗണ്ടേഷന് കീഴിലുള്ള കമ്പനിയാണ് ഫൗജി ഫെർട്ടിലൈസർ. പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഫൗജി ഫൗണ്ടേഷനില്‍ നേരിട്ട് സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെങ്കിലും, ഫൗണ്ടേഷന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്‍റെ ഭാഗമായ ക്വാർട്ടർമാസ്റ്റർ ജനറലിനെ നിയമിക്കുന്നത് അസിം മുനീറാണ്. ഡോൺ മാസികയുടെ റിപ്പോർട്ട് പ്രകാരം, രണ്ട് പതിറ്റാണ്ടിനിടെ പാകിസ്താന്റെ ആദ്യത്തെ പ്രധാന സ്വകാര്യവൽക്കരണ ശ്രമമായിരിക്കും പി.ഐ.എ ഓഹരി വിറ്റഴിക്കൽ.

2024 സെപ്റ്റംബറിലാണ് ഐ.എം.എഫ് പാകിസ്താനുള്ള ഏഴ് ബില്യൺ ഡോളറിന്റെ വായ്പാ പദ്ധതിക്ക് അംഗീകാരം നൽകിയത്. 1 ബില്യൺ ഡോളർ ഉടനടി നൽകിയെങ്കിലും, ബാക്കി പണം മൂന്ന് വർഷത്തിനുള്ളിൽ നൽകാമെന്നാണ് വ്യവസ്ഥ. സാമ്പത്തികമായി തകർന്നടിഞ്ഞ പാകിസ്താൻ, ഐ.എം.എഫിന്റെ അഞ്ചാമത്തെ വലിയ കടക്കാരനാണ്. 1958 മുതൽ അവർ ഐ.എം.എഫിൽനിന്ന് 20ലധികം വായ്പകൾ എടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMFPakistan International AirlinesPakistanAsim Munir
News Summary - Pakistan to sell national carrier PIA for IMF loans, Asim Munir's Fauji firm among bidders
Next Story