പാക് സുപ്രീം കോടതിയുടെ ആദ്യ വനിത ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ആയിശ മാലിക്
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ആയിശ മാലിക് സത്യപ്രതിജ്ഞ ചെയ്തു. ഇസ്ലാമാബാദിൽ നടന്ന ചടങ്ങിൽ പരമോന്നത കോടതിയിലെ 16 പുരുഷ സഹപ്രവർത്തകരുമായി വേദി പങ്കിട്ടതോടെ പാക് ജുഡീഷ്യറി ചരിത്ര നിമിഷത്തിനാണ് സാക്ഷ്യം വഹിച്ചത്.
വലിയ മുന്നേറ്റമാണിതെന്ന് അഭിഭാഷകയും സ്ത്രീ അവകാശ പ്രവർത്തകയുമായ നിഘത് ഡാഡ് മാധ്യമങ്ങളോട് പറഞ്ഞു. ഭാവിയിൽ ഈ മേഖലയിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തുന്ന തീരുമാനങ്ങളിലേക്ക് ഈ നിയമനം നയിക്കുമെന്ന് അഭിഭാഷക ഖദീജ സിദ്ദീഖി പ്രതികരിച്ചു.
കൂടുതൽ യോഗ്യരായ മുതിർന്ന പുരുഷ അഭിഭാഷകരെ ആയിശ മാലിക് മറികടന്നു എന്ന ആരോപണത്തിൽ നാല് മാസമായി ആയിശ മാലികിൻെറ നിയമനം വിവാദത്തിൽപെട്ട് കിടക്കുകയായിരുന്നു. നിയമനത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാൻ ബാർ കൗൺസിൽ ഈ മാസം ആദ്യം സമരം നടത്തിയിരുന്നു.
ഹാർവാർഡ് സർവകലാശാലയിൽ നിന്നാണ് ആയിശ മാലിക് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. രണ്ട് പതിറ്റാണ്ടായി കിഴക്കൻ നഗരമായ ലാഹോറിൽ ഹൈകോടതി ജഡ്ജിയായി സേവനമനുഷ്ഠിക്കുകയായിരുന്ന മാലിക് പഞ്ചാബ് പ്രവിശ്യയുടെ അധികാരപരിധിയിലെ പുരുഷാധിപത്യ നിയമങ്ങൾ പിൻവലിച്ചതിൽ നിരവധി ബഹുമതികൾ നേടിയിരുന്നു. സ്ത്രീയുടെ ലൈംഗികാനുഭവത്തിന്റെ തോത് നിർണ്ണയിക്കാനെന്ന പേരിൽ നടത്തുന്ന ആക്രമണാത്മകവും അപമാനപരവുമായ ഒരു പരിശോധന കഴിഞ്ഞ വർഷം അവർ നിയമവിരുദ്ധമാക്കിയിരുന്നു. ഇരകളെ അപകീർത്തിപ്പെടുത്തുന്നതിനുള്ള മാർഗമായി ഈ പരിശോധന വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

