ഇംറാന്റെ അറസ്റ്റിനെതിരായ പ്രക്ഷോഭം: മൂന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി പാകിസ്താൻ
text_fieldsഇസ്‍ലാമാബാദ്: പാകിസ്താനിൽ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മേയ് ഒമ്പതിന് ജനം തെരുവിലിറങ്ങിയ സംഭവത്തിൽ കൃത്യവിലോപം ആരോപിച്ച് മൂന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ പാകിസ്താൻ പിരിച്ചുവിട്ടു. രാജ്യത്തിന്റെ ചരിത്രത്തിൽ കറുത്ത അധ്യായമാണ് മേയ് ഒമ്പതിലെ പ്രതിഷേധങ്ങളെന്നും രാജ്യത്തിനെതിരായ ഗൂഢാലോചനയാണെന്നും കുറ്റപ്പെടുത്തിയാണ് പിരിച്ചുവിടൽ.
രാജ്യത്തെ ഔദ്യോഗിക സ്ഥാപനങ്ങൾ സംരക്ഷിക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചെന്നും ഇവർക്കെതിരെ ആരോപണമുണ്ട്. ഒരു ലഫ്. ജനറലടക്കം മൂന്നുപേരെ പിരിച്ചുവിട്ടതിന് പുറമെ മൂന്ന് മേജർ ജനറൽമാർ ഏഴ് ബ്രിഗേഡിയർമാർ എന്നിവർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടായിട്ടുണ്ട്. 20ഓളം സൈനിക കേന്ദ്രങ്ങളിലും സർക്കാർ ഓഫിസുകളിലുമാണ് പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പ്രവർത്തകർ അതിക്രമം നടത്തിയിരുന്നത്. ലാഹോർ കോർപ്സ് കമാൻഡർ ഹൗസ്, മിയാൻവാലി താവളം, ഫൈസലാബാദ് ഐ.എസ്.ഐ കെട്ടിടം എന്നിവ ആക്രമണത്തിനിരയായവയിൽപ്പെടും.
റാവൽപിണ്ടി സൈനിക ആസ്ഥാനത്തിനുള്ളിലും ജനക്കൂട്ടമെത്തി. സൈനികർക്ക് പുറമെ ചിലരുടെ കുടുംബങ്ങൾക്കുനേരെയും നടപടിയുണ്ട്. കുറ്റക്കാർക്കെതിരെ ഭരണഘടനയും നിയമവും പരിഗണിച്ച് ശിക്ഷാ നടപടികളുണ്ടാകുമെന്ന് സൈന്യം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

