നിരോധിച്ച ഇസ്ലാമിക് പാർട്ടിയുമായി ധാരണയിലെത്തി പാകിസ്താൻ; തടവിലുള്ള അനുയായികളെ വിട്ടയച്ചു
text_fieldsഇസ്ലാമാബാദ്: നിരോധിത ഇസ്ലാമിക് പാർട്ടിയായ തെഹ്രീകെ ലബ്ബൈക്കുമായി (ടി.എൽ.ബി) പാകിസ്താൻ സർക്കാർ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. പാർട്ടി അണികളുമായുള്ള ഏറ്റുമുട്ടലുകളിൽ ഏഴ് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കുക ലക്ഷ്യമിട്ടാണ് ടി.എൽ.ബിയുമായി ധാരണയിലെത്തിയതെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ധാരണയായതോടെ തടവിലായിരുന്ന നൂറുകണക്കിന് പാർട്ടി അനുയായികളെ വിട്ടയച്ചു. ഏപ്രിലിൽ അറസ്റ്റിലായ പാർട്ടി മേധാവി സാദ് റിസ്വിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പാർട്ടി പ്രവർത്തകർ മാസങ്ങളായി പ്രതിഷേധം സംഘടിപ്പിച്ചതും പലയിടങ്ങളിലും ഏറ്റുമുട്ടിയതും.
സമാധാനം പരിപാലിക്കൽ നിയമ പ്രകാരം കേസെടുത്ത 830 ടി.എൽ.ബി പ്രവർത്തകരെ ചൊവ്വാഴ്ച വിട്ടയച്ചതായും, ഇവർക്കെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്നും എന്നാൽ, ഇതേ കേസിൽ എഫ്.ഐ.ആർ രേഖപ്പെടുത്തിയവർ കോടതികളിൽ നിന്ന് ജ്യാമം നേടണമെന്നും പഞ്ചാബ് ആഭ്യന്തര വകുപ്പ് അറിയിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ച കിഴക്കൻ നഗരമായ ലഹോറിൽ ടി.എൽ.പി പ്രവർത്തകർ സമരം സംഘടിപ്പിച്ചിരുന്നു. ഇപ്പോഴും പാർട്ടി അനുയായികളുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ നടന്നു കൊണ്ടിരിക്കുകയാണ്. കരാറിൽ തങ്ങൾ പറഞ്ഞ 50 ശതമാനം കാര്യങ്ങളും നടപ്പിലാകുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് ടി.എൽ.പി വൃത്തങ്ങൾ അറിയിച്ചു.
പാർട്ടി പ്രവർത്തകരെയോ നേതാക്കളെയോ ഇനിയും അറസ്റ്റ് ചെയ്താൽ കരാർ റദ്ദാകുമെന്ന് ടി.എൽ.പി നേതാവ് മുഫ്തി മുനീബ് റഹ്മാൻ സർക്കാറിന് മുന്നറിയിപ്പ് നൽകി. കരാറിന്‍റെ കാര്യത്തിൽ സർക്കാർ ഗൗരവം കാണിക്കുന്നില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും മുനീബ് റഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

