യു.എസ്-ഇറാൻ സംഘർഷം: ചർച്ചകൾ പുനരാരംഭിക്കാൻ സമ്മർദ്ദവുമായി പാകിസ്താൻ
text_fieldsഇസ്‍ലാമാബാദ്: യു.എസും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനും കഴിഞ്ഞ മാസം ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ പുനരാരംഭിക്കാനും പാകിസ്താൻ സമ്മർദം ശക്തമാക്കുന്നു. സംഘർഷം ലഘൂകരിക്കാൻ ഇരുവിഭാഗത്തോടും പാകിസ്താൻ ആഹ്വാനം ചെയ്തു.
‘ധാരണാപത്രം നടപ്പിലാക്കുന്നതിൽ പ്രായോഗികമായ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, അക്രമങ്ങൾ അവസാനിപ്പിക്കാനും സാങ്കേതികതലത്തിലുള്ള ചർച്ചകൾ പുനരാരംഭിക്കാനും പാകിസ്താൻ എല്ലാ കക്ഷികളെയും പ്രോത്സാഹിപ്പിക്കുന്നത് തുടരും’ -പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രബി ഇസ്‍ലാമാബാദിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതു മുതൽ മധ്യസ്ഥൻ എന്ന നിലയിൽ നിർണായക പങ്കാണ് പാകിസ്താൻ വഹിക്കുന്നത്. നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായി യു.എസ്, ഇറാൻ ഉദ്യോഗസ്ഥരെ ഒരു മേശക്ക് ചുറ്റുമിരുത്തി ചർച്ച നടത്താൻ ഏപ്രിലിൽ പാകിസ്താന് സാധിച്ചിരുന്നു.
ജൂണിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഡോണൾഡ് ട്രംപും പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ സാന്നിധ്യത്തിൽ ഒപ്പുവെച്ച ഇടക്കാല കരാർ രൂപപ്പെടുത്തുന്നതിലും പാകിസ്താൻ മുഖ്യപങ്ക് വഹിച്ചു. ഈ കരാർ സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് ഉച്ചകോടിയിലും ചർച്ചാവിഷയമായിരുന്നു.
അതേസമയം, മേഖലയിൽ സംഘർഷഭീതി പരത്തി അമേരിക്കയും ഇറാനും തമ്മിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുകയാണ്.ഇറാനെതിരെ തങ്ങളുടെ ഏറ്റവും പുതിയ വ്യോമാക്രമണ പരമ്പര പൂർത്തിയാക്കിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിലെ പ്രധാനപ്പെട്ട കമാൻഡ് സെന്ററുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ എന്നിവയാണ് യു.എസ് സേന ലക്ഷ്യമിട്ടത്.
യു.എസ് ആക്രമണത്തിന് മറുപടിയായി കുവൈത്തിലെ സൈനിക താവളത്തിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടു.യു.എസ് സേനയുടെ സി-റാം റഡാറും സൈനികർ തമ്പടിച്ചിരുന്ന കേന്ദ്രവുമാണ് ലക്ഷ്യമിട്ടതെന്നും ഐ.ആർ.ജി.സി വ്യക്തമാക്കി.
ജോർഡനിലെ അസ്‌റഖ് വ്യോമതാവളത്തിൽ പ്രവർത്തിക്കുന്ന യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെയും ഡ്രോൺ ആക്രമണം നടത്തിയതായി ഇറാനിയൻ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. യു.എസ് സൈന്യത്തിന്റെ വാർത്താവിനിമയ സംവിധാനങ്ങൾ, സ്ഥിരമായ റഡാർ സൈറ്റ്, ഇന്ധന സംഭരണ കേന്ദ്രങ്ങൾ എന്നിവയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഫാർസ് വാർത്താ ഏജൻസിയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ ഇറാൻ വ്യക്തമാക്കുന്നു.
ഇറാനെതിരെ ആക്രമണം നടത്താൻ പശ്ചിമേഷ്യയിലെ മണ്ണ് ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച ഇറാൻ, ഇവിടങ്ങളിൽ നിന്ന് യു.എസ് സേനയെ പൂർണമായും നീക്കം ചെയ്യണമെന്ന് അവിടുത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഹുർമുസ് കടലിടുക്കിലൂടെ ഇറാനിയൻ തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന ഒരു എണ്ണക്കപ്പൽ ഹെൽഫയർ മിസൈലുകൾ ഉപയോഗിച്ച് യു.എസ് സേന തകർത്തതായും റിപ്പോർട്ടുകളുണ്ട്. ഇതിനു പിന്നാലെ, ഖ്വഷ്ം ദ്വീപ്, ബന്ദർ അബ്ബാസ്, ചബഹാർ എന്നിവിടങ്ങളിൽ യു.എസ് വീണ്ടും വ്യോമാക്രമണങ്ങൾ നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

