ലാഹോറിലെ ഹിന്ദു ക്ഷേത്രത്തിൽ നവീകരണം പൂർത്തിയായി, ഇനി സഞ്ചാരികൾക്ക് സന്ദർശിക്കാം
text_fieldsലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ലാഹോർ കോട്ടയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ലോഹ് ക്ഷേത്രം നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ശ്രീരാമന്റെ പുത്രനായ ലവന് വേണ്ടിയാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച്, ‘ലാഹോർ’ നഗരത്തിന് ആ പേര് ലഭിച്ചത് ലവന്റെ പേരിൽ നിന്നാണ് (ലവപുരി). ലാഹോർ കോട്ടക്കുള്ളിലെ പരസ്പരം ബന്ധിപ്പിക്കപ്പെട്ട അറകളുടെ കൂട്ടമാണ് ഈ ക്ഷേത്രം. മേൽക്കൂരയില്ലാതെ, തുറന്ന നിലയിലുള്ള ശ്രീകോവിലാണ് ക്ഷേത്രത്തിന്‍റേത്.
വാൾഡ് സിറ്റി ലാഹോർ അതോറിറ്റി (ഡബ്ല്യു.സി.എൽ.എ), ആഗാ ഖാൻ കൾച്ചറൽ സർവീസ്-പാകിസ്താൻ എന്നിവയുടെ സഹകരണത്തോടെയാണ് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്. ലോഹ് ക്ഷേത്രത്തിന് പുറമെ സിഖ് കാലഘട്ടത്തിലെ 'ഹംമാം' (കുളിക്കടവ്), മഹാരാജാ രഞ്ജിത് സിങ്ങിന്റെ ‘അത്ത്ദാര പവലിയൻ’ എന്നിവയും പുനരുദ്ധരിച്ചിട്ടുണ്ട്. ലാഹോർ കോട്ടയിലെ സമ്മിശ്ര സാംസ്കാരിക പൈതൃകം ആഘോഷിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. മുഗൾ കാലഘട്ടത്തിലെ പള്ളികൾ, സിഖ്-ഹിന്ദു ക്ഷേത്രങ്ങൾ, ബ്രിട്ടീഷ് കാലഘട്ടത്തിലെ നിർമിതികൾ എന്നിവയെല്ലാം കോട്ടയുടെ വൈവിധ്യമാർന്ന പൈതൃകത്തിന്റെ ഭാഗമാണെന്ന് ഡബ്ല്യു.സി.എൽ.എ വക്താവ് ടാനിയ ഖുറേഷി പറഞ്ഞു.
2018ൽ ലോഹ് ക്ഷേത്രം ഭാഗികമായി നവീകരിച്ചിരുന്നു. നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും സന്ദർശിക്കാവുന്ന രീതിയിൽ സജ്ജമാക്കിയിരിക്കുകയാണ്. സിഖ് കാലഘട്ടത്തിലെ നൂറോളം സ്മാരകങ്ങളിൽ 30 എണ്ണം നശിച്ചുപോയ സാഹചര്യത്തിൽ, ഇത്തരം സംരക്ഷണ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

