‘ശത്രുക്കൾ കനത്ത നാശം വരുത്തി, കൂടുതൽ വായ്പ വേണം’; പാക് മന്ത്രാലയത്തിന്‍റെ എക്സ് പോസ്റ്റ്; പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് വിശദീകരണം
text_fieldsഇസ്ലാമാബാദ്: ഇന്ത്യയുമായി സംഘർഷം കനക്കുന്നതിനിടെ അന്താരാഷ്ട്ര പങ്കാളികളോട് സഹായം അഭ്യർഥിച്ച് പാകിസ്താന്‍റെ സാമ്പത്തിക കാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ്. പിന്നാലെ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടിട്ടില്ലെന്നും തങ്ങളുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും വിശദീകരിച്ച് വകുപ്പ് രംഗത്തെത്തി.
അക്കൗണ്ട് പൂർവ സ്ഥിതിയിലാക്കാൻ ശ്രമം നടക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ‘ശത്രുക്കൾ കനത്ത നാശം വരുത്തിയതിനാൽ അന്താരാഷ്ട്ര പങ്കാളികളിൽനിന്ന് കൂടുതൽ വായ്പ (വായ്പ) അഭ്യർഥിക്കുന്നു. സംഘർഷങ്ങൾക്കും ഓഹരി വിപണി തകർച്ചക്കും ഇടയിൽ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാൻ രാജ്യാന്തര പങ്കാളികൾ സഹായിക്കണം’ -എന്നായിരുന്നു എക്സിൽ പ്രത്യക്ഷപ്പെട്ട് പോസ്റ്റ്.
വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നത്. ഇതിനിടെയാണ് ഇന്ത്യയുമായുള്ള സംഘർഷം. അന്താരാഷ്ട്ര നാണയനിധിയിൽനിന്ന് ഏറ്റവും കൂടുതൽ വായ്പയെടുത്ത നാലാമത്തെ രാജ്യമാണ് പാകിസ്താൻ. 8.8 മില്യൺ വായ്പയാണ് കൊടുത്തുതീർക്കാനുള്ളത്. ഇന്ത്യയുമായുള്ള സംഘർഷം പാകിസ്താന്‍റെ സാമ്പത്തികസ്ഥിതിയെ കൂടുതൽ അപകടത്തിലാക്കുമെന്ന് പലരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ പാകിസ്താനു തിരിച്ചടി നൽകിയത്. ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ. പിന്നാലെ പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണം ഇന്ത്യ പ്രതിരോധിച്ചിരുന്നു. അതേസമയം, സംഘർഷം രൂക്ഷമാകുന്നതിനിടെ തുടർനടപടികൾ ചർച്ച ചെയ്യാനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംയുക്ത സേനാമേധാവി അനിൽ ചൗഹാനും ത്രിതല സേനാമേധാവികളുമായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാക് പ്രകോപനം ശക്തമാകുന്ന ഘട്ടത്തിൽ കനത്ത തിരിച്ചടി നൽകാൻ ഇന്ത്യ സജ്ജമാണെന്ന മുന്നറിയിപ്പും പ്രതിരോധ വൃത്തങ്ങൾ നൽകിയിരുന്നു.
അതിർത്തി മേഖലകളിൽ ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പും ബ്ലാക്ക്ഔട്ട് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ശ്രീനഗറിനും ജമ്മുവിനും പുറമെ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ അതിർത്തി മോഖലകളിലുമാണ് ബ്ലാക്ക്ഔട്ട് ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

