ഫ്ലോട്ടില്ലക്കു നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ കടുത്ത സ്വരത്തിൽ മലേഷ്യ; വെറുതെയിരിക്കില്ലെന്ന് അൻവർ ഇബ്രാഹിം; മാലിദ്വീപും പാകിസ്താനും അപലപിച്ചു
text_fieldsക്വാലാലമ്പൂർ: ഗസ്സ മാനുഷിക സഹായ കപ്പലിനു നേരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തെ ശക്തമായ വാക്കുകളിൽ അപലപിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. ആക്രമണത്തിൽ ഇസ്രായേലിനെ ഉത്തരവാദി ആക്കാൻ തന്റെ രാജ്യം എല്ലാ നിയമപരമായ നടപടികളും സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
തടവിലാക്കിയ േഫ്ലാട്ടില്ല സംഘത്തിൽ മലേഷ്യൻ പൗരൻമാരും ഉൾപ്പെടുന്നു. മലേഷ്യക്കാരുടെ സുരക്ഷ ഒരു മുൻഗണനയാണെന്നും അൻവർ പറഞ്ഞു. അവരുടെ അവകാശങ്ങളും അന്തസ്സും ലംഘിക്കപ്പെടുമ്പോൾ തങ്ങൾ നിശബ്ദത പാലിക്കില്ലെന്നും ഫലസ്തീൻ ജനതയുടെ അവകാശങ്ങളും അഭിലാഷങ്ങളും നിഷേധിക്കപ്പെടുന്നത് തുടരുന്നിടത്തോളം മലേഷ്യ ഉറച്ചുനിൽക്കുമെന്നും ദീർഘകാലമായി നിലനിൽക്കുന്ന അനീതിയും ദാരിദ്ര്യവും അവസാനിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുമുദ് ഫ്ലോട്ടില്ല വെറുമൊരു സഹായ സംഘമല്ല മറിച്ച് ഐക്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും മനുഷ്യത്വത്തോടുള്ള സ്നേഹത്തിന്റെയും പ്രതീകമാണ്. ക്രൂരവും മനുഷ്യത്വരഹിതവുമായ ഉപരോധങ്ങൾക്ക് കീഴിൽ ദാരിദ്ര്യത്തിൽ ജീവിക്കാൻ നിർബന്ധിതരാകുന്നവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനുള്ള ഒരു പ്രത്യാശയുടെ കിരണം ഇത് കൊണ്ടുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായി തടവിലാക്കപ്പെട്ട പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടു. ഇത്തരം ഭീഷണി അസ്വീകാര്യമാണെന്നും സഹിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യവും അടിസ്ഥാന ആവശ്യങ്ങളും നിഷേധിക്കപ്പെട്ട ഒരു ജനതക്ക് ദുരിതാശ്വാസ സാമഗ്രികൾ കൊണ്ടുപോകുന്ന ഒരു മാനുഷിക വാഹനവ്യൂഹത്തെ ലക്ഷ്യമിടുന്നത് മാനുഷികതക്കും അന്താരാഷ്ട്ര നിയമത്തിനും എതിരായ ഗുരുതരമായ നീക്കമാണെന്ന് മുയിസു ‘എക്‌സി’ൽ പറഞ്ഞു.
മനുഷ്യാവകാശങ്ങൾ, നീതി, സമാധാനം, സുരക്ഷ എന്നിവക്കായുള്ള ന്യായമായ പോരാട്ടത്തിൽ ഫലസ്തീൻ ജനതയോട് മാലിദ്വീപ് അചഞ്ചലമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഇസ്രായേൽ നടത്തുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായതും ആവർത്തിച്ചുള്ളതുമായ ലംഘനങ്ങൾക്കെതിരെ നിർണായക നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ സേനയുടെ ക്രൂരമായ ആക്രമണത്തെ തന്റെ രാജ്യം ശക്തമായി അപലപിക്കുന്നുവെന്നും നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുന്ന സമാധാന പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. 30 ലേറെ രാജ്യങ്ങളിൽനിന്നുള്ള 40 ലധികം കപ്പലുകളും 500 ലധികം വളന്റിയർമാരും അടങ്ങുന്ന ഫ്ലോട്ടില്ലയെ ഗസ്സയിൽ നിന്ന് 80 നോട്ടിക്കൽ മൈൽ (148 കിലോമീറ്റർ) അകലെ വെച്ചാണ് ഇസ്രായേൽ നാവികസേന തടയുകയും മനുഷ്യാവകാശ പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

