സംഘർഷമൊഴിവാക്കാൻ പാകിസ്താൻ-ഇറാൻ ചർച്ച; ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്ന് ഇരുപക്ഷവും
text_fieldsഇസ്‍ലാമാബാദ്: സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ പാകിസ്താൻ -ഇറാൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചു. പരസ്പര വിശ്വാസവും സഹകരണത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ പ്രശ്നവും പറഞ്ഞുതീർക്കാൻ പാകിസ്താൻ സന്നദ്ധമാണെന്നും വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ് ജീലാനി പറഞ്ഞു.
സുരക്ഷ വിഷയങ്ങളിൽ മികച്ച സഹകരണവും ആശയവിനിമയവും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും ഇതേ വികാരം പങ്കുവെച്ചതായി പാക് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്ന് ഇരുപക്ഷവും വ്യക്തമാക്കി.
നേരത്തെ ജീലാനി തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാഷ്ട്രങ്ങളുമായും അടുത്ത ബന്ധമുള്ള ചൈനയും നയതന്ത്ര ഇടപെടൽ നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ജെയ്ശ് അൽ അദൽ ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണമാണ് സംഘർഷാവസ്ഥക്ക് കാരണമായത്. തുടർന്ന് ഇറാനിലെ സിസ്താൻ-ബലൂചിസ്താൻ പ്രവിശ്യയിൽ ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് പാക് സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു.
ഇറാൻ ആക്രമണത്തിന് പിന്നാലെ പാകിസ്താൻ തെഹ്റാനിൽനിന്ന് തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചിരുന്നു. നേരത്തേ നിശ്ചയിച്ച എല്ലാ ഉഭയകക്ഷി ഉന്നതതല സന്ദർശനങ്ങളും റദ്ദാക്കുകയും ചെയ്തു.
വ്യോമപ്രതിരോധം സജ്ജമാക്കി ഇറാൻ
തെഹ്റാൻ: സംഘർഷ സാഹചര്യത്തിൽ വ്യോമപ്രതിരോധം സജ്ജമാക്കി ഇറാൻ. ഡ്രോണുകളും മിസൈൽ കവചങ്ങളും ഉപയോഗിച്ച് വ്യോമപ്രതിരോധ പരീക്ഷണം വിജയകരമായി നടത്തിയെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. വ്യോമസേനയും നാവികസേനയും ഇസ്‍ലാമിക് റവലൂഷനറി ഗാർഡ് സൈനികരും പങ്കെടുത്തു.
പാക്, അഫ്ഗാൻ അതിർത്തി ഭാഗത്ത് ഖുസിസ്താൻ പ്രവിശ്യ മുതൽ ചാബഹർ വരെയും സിസ്താൻ, ബലൂചിസ്താൻ പ്രവിശ്യകളിലുമാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ പരീക്ഷണം നടത്തിയത്. ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയും ഹൂതികളും അമേരിക്കൻ, ഇസ്രായേൽ പക്ഷവുമായി ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിൽ ഇറാൻ ജാഗ്രതയിലാണ്. ചെങ്കടലിൽ ഇറാൻ യുദ്ധക്കപ്പൽ നങ്കൂരമിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

