സമാധാന ചർച്ച: പാക് ആഭ്യന്തര മന്ത്രി ഇറാനിലെത്തി
text_fieldsതെഹ്റാൻ: യു.എസ്- ഇറാൻ യുദ്ധം വീണ്ടും രൂക്ഷമായിരിക്കെ സമാധാന ചർച്ചകൾ തുടരുന്നതിനായി പാക് ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്‌വി ശനിയാഴ്ച ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലെത്തി. ചർച്ചകൾക്കിടെ നഖ്‌വിയുടെ മൂന്നാമത്തെ ഇറാൻ സന്ദർശനമാണിത്. തെഹ്‌റാനിൽ എത്തിയ നഖ്‌വിയെ ഇറാനിയൻ വിദേശകാര്യ മന്ത്രി എസ്കന്ദർ മുമാനി സ്വീകരിച്ചതായി ഇറാന്റെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചി ഉൾപ്പെടെയുള്ള വിവിധ ഉന്നത ഉദ്യോഗസ്ഥരുമായി നഖ്‌വി ചർച്ച നടത്തുമെന്ന് ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്തു.
ഇറാനിലേക്ക് പോകുന്നതിനുമുമ്പ്, നഖ്‌വിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കൂടിക്കാഴ്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഫെബ്രുവരി 28നാണ് ഇറാനിൽ യു.എസും ഇസ്രായേലും സംയുക്ത ആക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അടക്കം കൊല്ലപ്പെട്ടതോടെ ഇറാൻ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യു.എസ് കേന്ദ്രങ്ങൾക്കു നേരെ ആക്രമണം തുടങ്ങിയതോടെ മേഖല കലുഷിതമായി. ഇറാൻ ഹുർമുസ് അടച്ചതോടെ ആഗോള ഊർജ വിപണിയും പ്രതിസന്ധിയിലായി. ഏപ്രിൽ 8 ന് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ സമാധാന ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഇരുപക്ഷവും പാകിസ്താൻ വഴി സന്ദേശങ്ങൾ കൈമാറിയെങ്കിലും ഇറാൻ യുറേനിയം സമ്പുഷ്ടീകരണം ഒഴിവാക്കണം എന്നതടക്കമുള്ള യു.എസ് നിർദേശം ഇറാൻ അംഗീകരിച്ചിട്ടില്ല.യുഎസും ഇറാനും തമ്മിലുള്ള ആദ്യ ചർച്ചകൾ ഏപ്രിലിൽ പാകിസ്താനിൽ നടന്നിരുന്നു.
അതിനിടെ ഇറാന്റെ രണ്ട് ഡ്രോണുകൾ തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ശനിയാഴ്ച ഹുർമുസിൽ കപ്പലുകളെ ലക്ഷ്യംവെച്ച് ഡ്രോണുകളാണ് വെടിവെച്ചിട്ടതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.ഇറാൻ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തുടരാൻ യു.എസ് സൈന്യം എല്ലാ സജ്ജീകരണങ്ങളോടെയും നിലയുറപ്പിച്ചിട്ടുണ്ടെന്നും യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നു. വിഷയത്തിൽ യു.എസ് അവകാശവാദത്തോട് ഇറാൻ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ യു.എസും ഇറാനും തമ്മിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഇറാന്റെ സമുദ്രപരിധിയിൽ പ്രവേശിച്ച അമേരിക്കൻ എം.ക്യു-1 ഡ്രോൺ വെടിവെച്ചിട്ടതായി ഐ.ആർ.ജി.സി വ്യക്തമാക്കിയിരുന്നു. ഇതിന് തിരിച്ചടിയായി ഇറാന്റെ തീരദേശ റഡാർ കേന്ദ്രങ്ങളിൽ യു.എസ് വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വീണ്ടും രണ്ട് ഡ്രോണുകൾ കൂടി വെടിവെച്ചിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കെ, ഇറാന്റെയും യു.എസിന്റെയും തുടർച്ചയായുള്ള ആക്രമണങ്ങൾ മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

