ഇംറാൻഖാനെതിരെയടക്കം രാജ്യദ്രോഹക്കുറ്റം ചുമത്താൻ പാകിസ്താൻ സർക്കാർ നീക്കം
text_fieldsഇസ്‍ലാമാബാദ്: മേയ് 25ന് ഇസ്‍ലാമാബാദിൽ നടന്ന ആസാദി മാർച്ചിനിടെ രാജ്യത്തിനുനേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് മുൻ പ്രധാനമന്ത്രി ഇംറാൻഖാനും ഗിൽജിത്-ബാൾട്ടിസ്താൻ, ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രിമാർക്കും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ പാകിസ്താൻ സർക്കാർ നീക്കം.
വിഷയം ആഭ്യന്തര മന്ത്രി റാണാ സനാഉല്ലാ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ പ്രത്യേക സമിതി യോഗം ചർച്ചചെയ്തു. മേയ് 25ന് നടത്തിയ മാർച്ച്, മുൻകൂർ തെരഞ്ഞെടുപ്പിന് സർക്കാറിനെ പ്രേരിപ്പിക്കാനായിരുന്നെങ്കിലും പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനാൽ ലക്ഷ്യം നേടാനായില്ല. രാജ്യത്തിന്റെ സ്വത്ത് നശിപ്പിച്ചതിന് ഇംറാൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സാധ്യതകൾ സർക്കാർ ആലോചിക്കുന്നുണ്ട്.
പി.ടി.ഐ ചെയർമാൻ ഇമ്രാൻ ഖാൻ, ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മെഹമൂദ് ഖാൻ, ഗിൽജിത്-ബാൾട്ടിസ്താൻ മുഖ്യമന്ത്രി ഖാലിദ് ഖുർഷിദ് എന്നിവർക്കെതിരെ ക്രിമിനൽ നടപടി നിയമത്തിലെ 124 എ വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്താൻ മന്ത്രിസഭ സമിതി ആലോചിച്ചെന്നും സർക്കാർ വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്താൻ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭക്ക് അന്തിമ ശിപാർശകൾ നൽകാനുള്ള കൂടിയാലോചനകൾക്ക് തിങ്കളാഴ്ച വീണ്ടും യോഗം ചേരും.
തെളിവുകളുടെ വെളിച്ചത്തിൽ ഇംറാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ മന്ത്രിസഭയോട് ശിപാർശ ചെയ്യണമെന്ന് ആഭ്യന്തരമന്ത്രി സമിതിയോട് ആവശ്യപ്പെട്ടു. രാജ്യത്തിനുനേരെയുള്ള സായുധ ആക്രമണമാണ് മാർച്ചെന്നും മന്ത്രി ആരോപിച്ചു. വാർത്ത വിനിമയ മന്ത്രി അസദ് മഹ്മൂദ്, പ്രധാനമന്ത്രിയുടെ കശ്മീർകാര്യ ഉപദേഷ്ടാവ് ഖമർ സമാൻ കൈറ, സാമ്പത്തികകാര്യ മന്ത്രി അയാസ് സാദിഖ്, നിയമമന്ത്രി അസം തരാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

