പാകിസ്താനിൽ കൊടുംചൂടിനിടെ ജലക്ഷാമം; സിന്ധുനദിയിൽ നീരൊഴുക്ക് കുറഞ്ഞു
text_fieldsഇസ്‌ലാമബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഖാരിഫ് (വേനൽക്കാല കൃഷി) വിളയിറക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടെ സിന്ധുനദീ തടത്തിൽ കടുത്ത ജലക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. സുന്ധുനദിയിലെ തർബേല, ഝലം നദിയിലെ മംഗള അണക്കെട്ടുകളിൽ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണ്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാലത്തിൽ ഇന്ത്യ നദീജലം തടഞ്ഞതോടെ ചെനാബിലെ നീരൊഴുക്കും വൻതോതിൽ കുറഞ്ഞു.
പാകിസ്താൻ സർക്കാർ പുറത്തുവിട്ട പുതിയ വിവരങ്ങളനുസരിച്ച്, പഞ്ചാബ് പ്രവിശ്യയിൽ സിന്ധുനദിയിലും പോഷകനദികളിലുമായി കഴിഞ്ഞ വർഷം ജൂൺ രണ്ടിനെ അപേക്ഷിച്ച് ഇത്തവണ 10.3 ശതമാനമാണ് ജലലഭ്യതയിൽ കുറവ് വന്നിരിക്കുന്നത്. 1,28,800 ക്യുസെക്സ് ജലമാണ് നിലവിൽ പഞ്ചാബിൽ ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേസമയം ഉള്ളതിനേക്കാൾ 14,800 ക്യുസെക്സ് ജലത്തിന്‍റെ കുറവാണുള്ളത്. തെക്കുപടിഞ്ഞാറൻ മൺസൂണെത്താത്താൻ നാലാഴ്ച ശേഷിക്കുന്നതിനാൽ സാഹചര്യം ഇനിയും മോശമായേക്കും.
കഴിഞ്ഞ മാസം പാക് അധികൃതർ നടത്തിയ അവലോകന യോഗത്തിൽ ഈ വേനൽക്കാലത്ത് ജലലഭ്യത 21 ശതമാനം വരെ കുറഞ്ഞേക്കുമെന്ന് വിലയിരുത്തിയിരുന്നു. ജലസംഭരണികളെ ഫലപ്രദമായി ഉപയോഗിക്കണമെന്നും ജലം പാഴാക്കരുതെന്നും മുന്നറിയിപ്പു നൽകി. പഞ്ചാബിലും സിന്ധിലും ജലസേചനത്തിനും വൈദ്യുതോൽപാദത്തിനുമായി ഉപയോഗപ്പെടുത്തുന്ന രണ്ട് അണക്കെട്ടുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് ജലമുള്ളത്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ 1960ൽ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ച സിന്ധുനദീജല കരാറിൽനിന്ന് ഇന്ത്യ പിന്മാറിയിരുന്നു. കരാർ പ്രകാരം പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലെ ജലം പാകിസ്താനും കിഴക്കൻ നദികളായ രവി, ബിയാസ്, സത്ലജ് എന്നിവയിലെ ജലം ഇന്ത്യക്കും ഉപയോഗിക്കാമെന്നായിരുന്നു ധാരണ. പാകിസ്താന്‍റെ അനുമതിയില്ലാതെ പടിഞ്ഞാറൻ നദികളിൽ ഇന്ത്യക്ക് നിർമാണ പ്രവൃത്തികൾ നടത്താനോ വഴിതിരിച്ചുവിടാനോ കഴിയുമായിരുന്നില്ല.
പാകിസ്താൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുവെന്ന് കാണിച്ച് കേന്ദ്രം കരാർ റദ്ദാക്കുകയായിരുന്നു. ഇതോടെ നദികളിലെ ജലനിരപ്പ് പാകിസ്താനെ മുൻകൂട്ടി അറിയിക്കുന്നതും ഇന്ത്യ നിർത്തി. ഇത് പാകിസ്താന് മൺസൂൺ കാലയളവിൽ വലിയ വെല്ലുവിളിയാകും. നദി കരകവിഞ്ഞ് ഒഴുകുമ്പോൾ പാകിസ്താനിൽ പ്രളയമുണ്ടാകാറുണ്ട്. മുൻകൂട്ടി നൽകുന്ന വിവരങ്ങളനുസരിച്ച് ജനങ്ങളെ മാറ്റി താമസിപ്പിക്കാൻ പാക് അധികൃതർക്ക് കഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

