ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്താൻ; ഒക്ടോബർ 24 വരെ വിലക്ക് തുടരും
text_fieldsഇസ്‍ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിനേർപ്പെടുത്തിയ വിലക്ക് ഒക്ടോബർ 24 വരെ നീട്ടി പാകിസ്താൻ. പാകിസ്താൻ എയർപോർട്ട് അതോറിറ്റി (പി.എ.എ) പുറപ്പെടുവിച്ച പുതിയ നോട്ടീസ് ടു എയർമെൻ പ്രകാരമാണ് ഈ തീരുമാനം. നിലവിലുള്ള വിലക്കിന്റെ കാലാവധി സെപ്റ്റംബർ 24-ന് അവസാനിക്കാനിരിക്കെയാണ് വിലക്ക് നീട്ടിക്കൊണ്ടുള്ള പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.
ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾ, ഇന്ത്യൻ എയർലൈനുകൾ പ്രവർത്തിപ്പിക്കുന്നതോ സ്വന്തമാക്കിയതോ പാട്ടത്തിനെടുത്തതോ ആയ വിമാനങ്ങൾ, സൈനിക വിമാനങ്ങൾ എന്നിവക്കൊന്നും പാകിസ്താൻ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ലെന്ന് സിവില്‍ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി. പുതിയ നിയന്ത്രണം സെപ്റ്റംബർ 26 ബുധനാഴ്ച രാവിലെ 10:45 മുതൽ പ്രാബല്യത്തിൽ വരികയും 2026 ഒക്ടോബർ 24 പുലർച്ചെ 4:59 വരെ നിലനിൽക്കുകയും ചെയ്യും.
2025 ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും പരസ്പരം വ്യോമപാതകൾ അടച്ചത്. 26 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കടുത്ത പിരിമുറുക്കത്തിലായിരുന്നു. ഭീകരാക്രമണത്തിന് മറുപടിയായി സിന്ധു നദീജല കരാർ റദ്ദാക്കൽ, പാക് നയതന്ത്രജ്ഞരെ പുറത്താക്കൽ, പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമപാത വിലക്കൽ തുടങ്ങിയ ശക്തമായ പ്രതിരോധ നടപടികളിലേക്ക് ഇന്ത്യ കടന്നിരുന്നു.
തുടർന്ന് മേയ് 7, 8 തീയതികളിൽ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ ഇന്ത്യ ശക്തമായ സൈനിക തിരിച്ചടി നൽകുകയും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലും പാക് അധീന കാശ്മീരിലും പ്രവർത്തിച്ചിരുന്ന ഒമ്പത് ഭീകര ക്യാമ്പുകൾ തകർക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ കടുത്ത പോരാട്ടം നടന്നു. പാകിസ്താന്റെ തന്ത്രപ്രധാനമായ നൂർ ഖാൻ എയർ ബേസിന് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. മൂന്ന് ദിവസം നീണ്ട തിരിച്ചടികൾക്ക് ശേഷം മേയ് 10-നാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. തുടർന്നുണ്ടായ നയതന്ത്ര വിടവാണ് ഇപ്പോഴും വ്യോമപാതകൾ അടച്ചിടാൻ പാകിസ്താനെ പ്രേരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

