‘ഈ വൃത്തികെട്ട പണി കാലങ്ങളായി ചെയ്യുന്നു’ -പാക് പ്രതിരോധ മന്ത്രിയുടെ കുറ്റസമ്മതം
text_fieldsഇസ്‍ലാമാബാദ്: അമേരിക്കക്കും ബ്രിട്ടൻ ഉൾപ്പെടെ പാശ്ചാത്യ രാജ്യങ്ങൾക്കുംവേണ്ടി പാകിസ്താൻ ‘വൃത്തികെട്ട പണി’ മൂന്ന് ദശാബ്ദമായി നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ‘സ്കൈ ന്യൂസി’ന് നൽകിയ അഭിമുഖത്തിൽ ഭീകര സംഘടനകൾക്ക് പിന്തുണയും പരിശീലനവും സാമ്പത്തിക സഹായവും നൽകുന്ന ദീർഘചരിത്രം പാകിസ്താനുണ്ടോ എന്ന ചോദ്യത്തിനുത്തരമായാണ് അദ്ദേഹത്തിെന്റ കുറ്റസമ്മതം.
സോവിയറ്റ് യൂനിയനെതിരായ യുദ്ധത്തിലും 9/11 ആക്രമണത്തിനു ശേഷം ഭീകരതക്കെതിരായ യുദ്ധത്തിലും പങ്കെടുത്തില്ലായിരുന്നെങ്കിൽ പാകിസ്താന്റെ ചരിത്രം കളങ്കമില്ലാത്തതാകുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 80കളിലും 90കളിലും അഫ്ഗാനിസ്താനിലെ യുദ്ധങ്ങൾ കാരണം പാകിസ്താന് ഉണ്ടായതുപോലെ ലോകത്തിലെ മറ്റൊരു രാജ്യവും ഭീകരതയുടെ ദുരിതം ഇത്രയധികം അനുഭവിച്ചിട്ടില്ല.
സ്വന്തം മണ്ണിൽ നടക്കുന്ന സംഭവങ്ങൾക്ക് പാകിസ്താനെ കുറ്റപ്പെടുത്തുന്ന രീതി ഇന്ത്യ പിന്തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാകിസ്താൻ ആസ്ഥാനമായ ഭീകര സംഘടനയായ ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ളവരാണ് പഹൽഗാം കൂട്ടക്കൊലക്ക് പിന്നിലെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.
പാകിസ്താൻ സൈന്യം എന്തിനും തയാറാണെന്നും ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. ആണവായുധങ്ങൾ സ്വന്തമായുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള പൂർണതോതിലുള്ള യുദ്ധത്തെക്കുറിച്ച് ലോകം ആശങ്കപ്പെടണം. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ലശ്കറെ ത്വയ്യിബ ഇപ്പോൾ നിലവിലില്ല. അതിെന്റ ഉപവിഭാഗമായ ദ റെസിസ്റ്റൻസ് ഫ്രണ്ടിനെക്കുറിച്ച് (ടി.ആർ.എഫ്) തനിക്ക് ഒരു അറിവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ടി.ആർ.എഫ് ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

