പ്രസിദ്ധീകരിച്ച വാർത്തയിൽ ചാറ്റ് ജി.പി.ടി പ്രോംപ്റ്റ്; പാക്കിസ്താനി പത്രം വിവാദത്തിൽ
text_fieldsപത്രത്തിൽ അച്ചടിച്ച ബിസിനസ് വാർത്തക്ക് താഴെ ചാറ്റ് ജി.പി.ടി പ്രോംപ്റ്റ്. പാക്കിസ്താനിലെ ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡോൺ ആണ് വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. ഒക്ടോബറിലെ വാഹന വിൽപ്പനയിലെ വർധനവിനെ കുറിച്ച് പ്രസിദ്ധീകരിച്ച ബിസിനസ് വാർത്തയുടെ അവസാന പാരഗ്രാഫിൽ എ.ഐ നിർമിച്ച ഒരു ചാറ്റ് ജി.പി.ടി സ്റ്റൈൽ മെസ്സേജ് ഉൾപ്പെട്ടിരുന്നു. എഡിറ്റർമാർ അത് നീക്കം ചെയ്യാൻ മറന്നതാണ് പ്രശ്‌നത്തിന് കാരണമായത്.
'നിങ്ങൾക്ക് വേണമെങ്കിൽ പരമാവധി വായനക്കാരിൽ സ്വാധീനം ചെലുത്താൻ അനുയോജ്യമായ ഒരു ബോൾഡ്, ഇൻഫോഗ്രാഫിക്-റെഡി ലേഔട്ടും ഉൾപ്പെടുന്ന ഒരു മികച്ച 'ഫ്രണ്ട്-പേജ് സ്റ്റൈൽ' പതിപ്പ് ഞാൻ സൃഷ്ടിച്ചു നൽകാം. അടുത്തതായി ഞാൻ അത് ചെയ്യണോ?' ഇങ്ങനെയാണ് ലേഖനം അവസാനിക്കുന്നത്.
വാർത്ത പ്രസിദ്ധീകരിച്ച ഉടൻ തന്നെ അതിന്റെ സ്ക്രീൻഷോട്ടുകൾ എക്സിൽ വൈറലായി. പത്രത്തിന്റെ അനാസ്ഥയെ പരിഹസിച്ച് ഉപയോക്താക്കളും പ്രതികരിച്ചു. മാധ്യമപ്രവർത്തകരായ ഷീരിൻ മസാരി, മൂയിദ് പിർസാദ തുടങ്ങിയവരടക്കം ഈ സംഭവത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തി. ഇത്തരമൊരു പ്രശസ്‌ത പത്രത്തിനിത് ലജ്ജാകരമാണെന്ന് ഇവർ അഭിപ്രായപ്പെട്ടു.
വാർത്ത വിവദമായതോടെ പ്രശ്നത്തിൽ ഡോൺ തെറ്റ് സമ്മതിച്ചു. “ഡോണിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് യാഥാർത്ഥത്തിൽ എ.ഐ ഉപയോഗിച്ചാണ് എഡിറ്റ് ചെയ്തത്. ഇത് ഞങ്ങളുടെ നിലവിലെ എ.ഐ നയത്തിന്റെ ലംഘനമാണ്. നയം ഞങ്ങളുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഡിജിറ്റൽ പതിപ്പിൽ നിന്നും നീക്കം ചെയ്ത എ.ഐ ജനറേറ്റ് ചെയ്ത ആർട്ടിഫാക്റ്റ് ടെക്സ്റ്റ് ഒറിജിനൽ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. വിഷയം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എ.ഐ നയത്തിന്റെ ലംഘനത്തിൽ ഖേദിക്കുന്നു.” ഡോൺ എക്സിൽ കുറിച്ചു.
സംഭവത്തെ തുടർന്ന് പത്ര പ്രവർത്തനത്തിലെ സത്യസന്ധതയെയും വിശ്വസിനീയതയും ചോദ്യം ചെയ്യപ്പെടുകയാണ്. അച്ചടിക്കുന്നതിന് മുമ്പ് എന്തു വാർത്തയാണ് നൽകുന്നതെന്ന് മനസ്സിലാക്കണമെന്നും വായനക്കാർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

