അപൂർവ ഭൗമ ധാതുക്കൾ ട്രംപിനെ കാണിച്ചു കൊടുത്ത് പാക് ആർമി ചീഫ്; ഇതെന്ത് തമാശയെന്ന് സെനറ്ററുടെ വിമർശനം
text_fieldsവൈറ്റ് ഹൗസ് സന്ദർശനത്തിനിടെ അപൂർവ ധാതു ശേഖരം ഡോണൾഡ് ട്രംപിന് കാണിച്ചു കൊടുത്ത ആർമി ചീഫ് അസിം മുനീറിന്‍റെ നടപടിയെ അപലപിച്ച് സെനറ്റർ ഐമൽ വാലി ഖാൻ. എന്ത് അധികാരത്തിലാണ് രാജ്യത്തിന്‍റെ തന്ത്രപരമായ വിഭവങ്ങൾ ട്രംപിന് മുന്നിൽ പ്രദർശിപ്പിച്ചതെന്നാണ് അദ്ദേഹം ചോദിച്ചത്. അസിം മുനീറിനെ ഒരു സെയിൽസ്മാനെ പോലെയും ഷെഹബാസ് ഷെരീഫ് ഈ നാടകങ്ങളെല്ലാം കണ്ടുകൊണ്ടു നിൽക്കുന്ന മാനേജരെ പോലെയുമാണ് തനിക്ക് ഫോട്ടോ കണ്ടപ്പോൾ തോന്നിയതെന്നാണ് പാകിസ്താൻ പാർലമെന്‍റിൽ ഐമൽ ആക്ഷേപിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് ഷെഹ്ബാസ് ഷെരീഫും അസിം മുനീറും ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയത്. ധാതുക്കൾ ട്രംപിനെ കാണിച്ച നടപടി സേഛാധിപത്യപരമാണെന്നും ഇത് ജനാധിപത്യ ലംഘനമല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. വൈറ്റ് ഹൗസ് പുറത്തുവിട്ട ചിത്രത്തിലാണ് യു.എസ് സന്ദർശന വേളയിൽ ട്രംപിന് ധാതുക്കളടങ്ങിയ പെട്ടി കൈയിൽ കൊടുക്കുന്ന ദൃശ്യങ്ങളുള്ളത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം തങ്ങളാണ് അവസാനിപ്പിച്ചതെന്ന് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിനു ശേഷം ഇത് മൂന്നാമത്തെ തവണയാണ് അസിം മുനീർ യു.എസ് സന്ദർശനം നടത്തുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം സ്ഥാപിക്കാൻ മധ്യസ്ഥത വഹിച്ചതിന് ട്രംപിനെ പാകിസ്താൻ നൊബേൽ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യുകയുമുണ്ടായി. എന്നാൽ ട്രംപിന്‍റെ വാദം ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

