സമാധാന നീക്കം സജീവം: ചർച്ചകൾക്കായി ഒമാൻ വിദേശകാര്യ മന്ത്രിയും പാകിസ്താൻ സൈനിക മേധാവിയും ഇറാനിലേക്ക്
text_fieldsപാകിസ്താൻ സൈനിക മേധാവി ജനറൽ ആസിം മുനീർ, ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി
തെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സ്തംഭിച്ചുപോയ സമാധാന ചർച്ചകൾ പുനരുജ്ജീവിപ്പിക്കുന്നതിനുമായി നിർണായക നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നു. സമാധാന ചർച്ചകളുടെ ഭാഗമായി പാകിസ്താൻ സൈനിക മേധാവി ജനറൽ ആസിം മുനീറും ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയും ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലെത്തി ഉന്നതതല ചർച്ചകൾ നടത്തും. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഇറാനും യു.എസും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിൽ പ്രധാന മധ്യസ്ഥന്റെ പങ്ക് വഹിക്കുന്ന പാകിസ്താൻ, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ലക്ഷ്യമിട്ടാണ് സൈനിക മേധാവിയെ തെഹ്‌റാനിലേക്ക് അയക്കാനിരിക്കുന്നത്. യു.എസുമായുള്ള ഇടക്കാല സമാധാന ഉടമ്പടികൾ വഴിമുട്ടിയ സാഹചര്യത്തിൽ, മേഖലയിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ പാകിസ്താൻ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. പാകിസ്താൻ ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്‌വിയും ഉന്നതതല പ്രതിനിധി സംഘത്തിലുണ്ട്.
ഇതിന് പുറമെ, ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനായി ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയും ചൊവ്വാഴ്ച തെഹ്‌റാൻ സന്ദർശിക്കും. ഹുർമുസ് കടലിടുക്കിന്റെ സുരക്ഷയും പ്രാദേശിക സമാധാനവും നിലനിർത്തുന്നതിൽ ഒമാന്റെ ഇടപെടലുകൾ നിർണായകമാണെന്ന് ഇറാൻ വക്താവ് വ്യക്തമാക്കി
ലോകത്തിലെ പ്രധാന എണ്ണ വ്യാപാര പാതയായ ഹുർമുസ് കടലിടുക്കിലെ തർക്കങ്ങളും അന്താരാഷ്ട്രതലത്തിലുള്ള കടുത്ത സാമ്പത്തിക ഉപരോധ ഭീഷണികളുമാണ് മിഡിൽ ഈസ്റ്റിൽ പുതിയ സംഘർഷങ്ങൾക്ക് കാരണമായിരിക്കുന്നത്. യു.എസ് സാമ്പത്തിക യുദ്ധം തുടരുകയാണെങ്കിൽ ഹുർമുസ് കടലിടുക്ക് വഴിയോ പേർഷ്യൻ ഗൾഫിലെ മറ്റേതെങ്കിലും മേഖല വഴിയോ ഒരു തുള്ളി എണ്ണ പോലും കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ നേരത്തെ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാനെതിരെയും അവരുടെ വ്യാപാര പങ്കാളികൾക്കെതിരെയും പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾക്കിടയിലാണ് ഈ നയതന്ത്ര ചർച്ചകൾ നടക്കുന്നത്. യു.എസ് നടപടികളെ കടുത്ത ഭാഷയിൽ അപലപിച്ച ഇറാൻ, ഇത് സ്വന്തം പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, മേഖലയിലെ യുദ്ധാന്തരീക്ഷം ഒഴിവാക്കാനും വിപണിയിലെ ആശങ്കകൾ അകറ്റാനും പാകിസ്താനും ഒമാനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് വലിയ അന്താരാഷ്ട്ര പ്രാധാന്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

