‘ഖനനത്തിന് വരൂ, അറബിക്കടലിൽ തുറമുഖം തരാം; അമേരിക്കക്ക് ഓഫറുമായി പാകിസ്താൻ,’ യു.എസ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി അസിം മുനീറിന്റെ ഉപദേഷ്ടാക്കൾ
text_fieldsപശ്നിയിൽ നിന്നുള്ള അറബിക്കടലിന്റെ ദൃശ്യം
വാഷിംഗ്ടൺ: അറബിക്കടലിൽ തുറമുഖം നിർമിക്കാൻ അമേരിക്കക്ക് ഓഫറുമായി പാകിസ്താൻ. ഇതുമായി ബന്ധപ്പെട്ട് പാക് സൈനീക മേധാവി അസിം മുനീറിന്റെ ഉപദേഷ്ടാക്കൾ യു.എസ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതായി പദ്ധതി രേഖകൾ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
അപൂർവ ധാതുക്കളുടെ ഖനനവും വിപണനയും എളുപ്പമാക്കുന്ന തരത്തിൽ ബലൂചിസ്താനിലെ തുറമുഖ നഗരമായ പശ്നിയിലാണ് പാകിസ്താൻ തുറമുഖം വിഭാവനം ചെയ്യുന്നത്. അഫ്ഗാനിസ്താനുമായും ഇറാനുമായും അതിർത്തി പങ്കിടുന്ന മേഖല കൂടിയാണ് ഇത്.
സെപ്റ്റംബറിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനീക മേധാവി അസിം മുനീറും വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റ് ഡൊണാൾട് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തുറമുഖത്തിനായി നീക്കം.
ബലൂചിസ്താനടക്കം അപൂർവ ധാതുക്കൾ സമ്പന്നമായ മേഖലകളിൽ ഖനന, സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾക്ക് പാക് പ്രധാനമന്ത്രി യു.എസ് നിക്ഷേപകരെ ക്ഷണിച്ചിരുന്നു. മേഖലയിലെ ഖനന പ്രവർത്തനങ്ങളും അനുബന്ധ ചരക്കുനീക്കവും വേഗത്തിലാക്കുന്നതിന് തുറമുഖം നിർണായകമാവുമെന്നാണ് കരുതപ്പെടുന്നത്.
വൈറ്റ് ഹൗസ് കൂടിക്കാഴ്ച വേളയിലും തുറമുഖം ചർച്ചയായിരുന്നതായി പദ്ധതി രേഖകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ് സൈനീക ആവശ്യങ്ങളെ ഒഴിവാക്കിയാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. പാകിസ്താന്റെ അപൂർവ ധാതു സമ്പുഷ്ടമായ ബലൂചിസ്താനടക്കം പടിഞ്ഞാറൻ പ്രവിശ്യകളെ കൂട്ടിയിണക്കി റെയിൽ ശൃംഘല രൂപീകരിക്കാനുള്ള പദ്ധതിക്കും തുറമുഖം യാഥാർഥ്യമാവുന്നത് ഏറെ ഗുണകരമാവുമെന്നാണ് പാകിസ്താന്റെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

