പാക്-അഫ്ഗാൻ സംഘർഷത്തിൽ വെടിനിർത്തൽ; മധ്യസ്ഥരായി ഖത്തറും തുർക്കിയയും
text_fieldsദോഹ: പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ വീണ്ടും വെടിനിർത്തൽ. ഖത്തർ, തുർക്കിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ ദോഹയിൽ നടത്തിയ ചർച്ചയിലാണ് വെടിനിർത്തൽ ധാരണയിലെത്തിയത്.
48 മണിക്കൂർ വെടിനിർത്തൽ സമയം കഴിഞ്ഞതിനു പിന്നാലെ ഇരുരാജ്യങ്ങൾക്കിടയിലും സംഘർഷം രൂക്ഷമായിരുന്നു. വെടിനിർത്തൽ ധാരണ നടപ്പാക്കുന്നതിനും ഇരുരാജ്യങ്ങളുടെയും സുരക്ഷക്കും സ്ഥിരതക്കും വരുംദിവസങ്ങളിൽ ചർച്ച തുടരാനും പാകിസ്താനും അഫ്ഗാനിസ്ഥാനും ധാരണയിലെത്തിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ശനിയാഴ്ച അഫ്ഗാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടിരുന്നു. 12 പേർക്ക് പരിക്കേറ്റു. നിരവധി സൈനികരടക്കം കൊല്ലപ്പെട്ട ഒരാഴ്ചത്തെ സംഘർഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇതിനിടയിൽ ശാശ്വത സമാധാനത്തിനായി തീവ്രശ്രമം നടത്താനും തീരുമാനിച്ചിരുന്നു.
ഈമാസം 25ന് തുര്‍ക്കിയയിലെ ഇസ്താംബൂളില്‍ ഇരുരാജ്യങ്ങളും വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു.
ഇതിനിടെയാണ് ധാരണകൾ ലംഘിച്ച് അഫ്ഗാനിൽ പാക് സൈന്യം വ്യോമാക്രമണം നടത്തിയത്. തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് താലിബാൻ സർക്കാറിലെ പ്രധാനമന്ത്രി മുഹമ്മദ് ഹസ്സൻ പറഞ്ഞു. പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, രഹസ്യാന്വേഷണ വിഭാഗം മേധാവി ആസിം മാലിക് എന്നിവരും പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യഅ്ഖൂബിന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ സംഘവുമാണ് ദോഹയിൽ ചർച്ച നടത്തിയത്.
അഫ്ഗാൻ-പാക് യുദ്ധം തീർക്കാൻ കഴിയുമെന്ന് ട്രംപ്
വാഷിങ്ടൺ: അഫ്ഗാനിസ്താൻ-പാകിസ്താൻ യുദ്ധം തനിക്ക് എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത്തരത്തിലുള്ള നിരവധി യുദ്ധങ്ങൾ താൻ പരിഹരിച്ചിട്ടുണ്ട്. ഈ യുദ്ധം തീർക്കുകയെന്നത് നിസ്സാരമായ കാര്യമാണ്. ഞാനത് ചെയ്യും. ഇപ്പോൾ ഞാൻ യു.എസിന്റെ ഭരണം നടത്തുകയാണ്.
അതേസമയം, യുദ്ധം തീർക്കുകയെന്നത് താൻ ഇഷ്ടപ്പെടുന്ന കാര്യമാണ്. ആളുകളെ മരണത്തിൽനിന്ന് രക്ഷിക്കുകയെന്നത് കർത്തവ്യമായി കരുതുന്നുവെന്നും ട്രംപ് പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചക്കിടെ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

