ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് പാകിസ്താൻ
text_fieldsഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാർ. ബ്രസൽസിൽ നടന്ന ആണവോർജ ഉച്ചകോടിയിൽ പങ്കെടുത്തതിനുശേഷം ലണ്ടനിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ൽ ജമ്മു-കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്താൻ നിർത്തിവെച്ചത്.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കണമെന്ന് പാകിസ്താനിലെ വ്യാപാരി സമൂഹം ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയുമായുള്ള നയതന്ത്ര നിലപാടിൽ കാതലായ മാറ്റം വരുത്തുന്നതിന്‍റെ സൂചനയായാണ് പാകിസ്താന്‍റെ പുതിയ നീക്കത്തെ കാണുന്നത്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കണമെന്നാണ് പാകിസ്താനിലെ വ്യാപാരികൾ ആവശ്യപ്പെടുന്നതെന്ന് ഇഷാഖ് ദാർ പറഞ്ഞു. വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് പാകിസ്താൻ.
ഇന്ത്യയുമായുള്ള നയതന്ത്ര-വ്യാപാര ബന്ധം നിർത്തിവെച്ചത് പാകിസ്താന്‍റെ സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിച്ചിരുന്നു. പുതിയ നിക്ഷേപങ്ങൾ കുറഞ്ഞതിനു പിന്നാലെ വിദേശ കടങ്ങൾ തിരിച്ചടക്കാനും പാകിസ്താന് സാധിക്കുന്നില്ല. ഇതിനു പിന്നലെയാണ് ഇന്ത്യയുമായി വ്യാപാര ബന്ധം പുനസ്ഥാപിക്കാനുള്ള നീക്കം പാകിസ്താൻ നടത്തുന്നത്.
പാകിസ്താനിൽ രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശഹബാസ് ശരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചിരുന്നു. ഇത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വ്യാപാരബന്ധത്തിൽ പുരോഗതിയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

